സൗദി അറേബ്യ: ‘ഫസ്റ്റ് ഇസ്ലാമിക് ആർട്സ് ബിനാലെ’ 2023 ജനുവരി 23 മുതൽ ആരംഭിക്കും

featured GCC News

സൗദി അറേബ്യയിലെ ജിദ്ദയിൽ വെച്ച് സംഘടിപ്പിക്കുന്ന ‘ഫസ്റ്റ് ഇസ്ലാമിക് ആർട്സ് ബിനാലെ’ 2023 ജനുവരി 23 മുതൽ ആരംഭിക്കും. 2023 ജനുവരി 13-ന് രാത്രി എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2023 ജനുവരി 23 മുതൽ ഏപ്രിൽ 23 വരെയാണ് ഈ ബിനാലെ സംഘടിപ്പിക്കുന്നത്. ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള കലാസൃഷ്ടികൾ ഉൾപ്പെടുത്തിയാണ് ഈ പ്രദർശനം സംഘടിപ്പിക്കുന്നത്.

Source: WAM.

സൗദി സാംസ്‌കാരിക മന്ത്രാലയവുമായി ചേർന്ന് കൊണ്ട് ദിരിയഹ് ബിനാലെ ഫൗണ്ടേഷനാണ് ഈ പ്രദർശനം ഒരുക്കുന്നത്. ‘ഭാവി, ഭൂതം, വർത്തമാനം എന്നീ കാലങ്ങളെ ബന്ധിപ്പിക്കുന്നത്’ ലക്ഷ്യമിട്ടാണ് ഇത്തരം ഒരു പ്രദർശനം. ഇസ്ലാമിലെ ഏറ്റവും വിശുദ്ധമായ ഇടമായ മെക്കയിലെ കഅബയെ സൂചിപ്പിക്കുന്ന ‘അവ്വൽ ബൈത്’ എന്ന ആശയത്തെ ഉൾക്കൊണ്ടാണ് ഈ ബിനാലെ സംഘടിപ്പിക്കുന്നത്.

Source: WAM.

ഉസ്ബെക്കിസ്ഥാൻ ആർട്ട് ആൻഡ് കൾച്ചർ ഡെവലപ്മെന്റ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ഈ ബിനാലെയിൽ ഉസ്ബെക്കിസ്ഥാനിലെ ചരിത്ര പൈതൃകം പ്രദർശിപ്പിക്കുന്നത്.

“ഇസ്ലാമിക് ആർട്സ് ബിനാലെയിൽ ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള വിലമതിക്കാനാകാത്ത ചരിത്ര സ്മരണികകളും, കലാരൂപങ്ങളും ഉൾപ്പെടുത്തുന്നത് വളരെ അഭിമാനകരമായ ഒരു കാര്യമാണ്. വിദേശ സന്ദർശകർക്ക് മുന്നിൽ ഉസ്ബെക്കിസ്ഥാന്റെ ഉജ്ജ്വലമായ പൈതൃകം അവതരിക്കുന്നത് വളരെ പ്രാധാന്യമേറിയ ഒരു കാര്യമായാണ് ഞങ്ങൾ കരുതുന്നത്.”, ഉസ്ബെക്കിസ്ഥാൻ ആർട്ട് ആൻഡ് കൾച്ചർ ഡെവലപ്മെന്റ് ഫൗണ്ടേഷൻ ഡെപ്യൂട്ടി ചെയർമാൻ സൈദ മിർസിയോയേവ അറിയിച്ചു.

Source: WAM.

ഉസ്ബെക്കിസ്ഥാന്റെ സാംസ്‌കാരിക പൈതൃകം എടുത്ത് കാട്ടുന്ന പതിനേഴ് ചരിത്ര സ്മരണികകളാണ് ഈ എക്‌സിബിഷനിൽ ഉൾപ്പെടുത്തുന്നത്. ഇസ്ലാമിക് ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കൈയെഴുത്തുപ്രതികളിലൊന്നായി കരുതുന്ന, എട്ടാം നൂറ്റാണ്ടിൽ നിന്നുള്ള കാറ്റലങ്കർ ഖുർആനിൽ നിന്നുള്ള ഏതാനം താളുകൾ, സമർഖന്ദിൽ നിന്നും, അഫ്‌റാസിയാബിൽ നിന്നുമുള്ള (പത്ത് – പന്ത്രണ്ട് നൂറ്റാണ്ടുകളിലെ) സെറാമിക് കൂജകൾ, പാത്രങ്ങൾ, വസ്ത്രങ്ങൾ, പാദുകങ്ങൾ തുടങ്ങിയവ ഇവയിൽ ഉൾപ്പെടുന്നു.

ബിനാലെയുടെ ഭാഗമായി, സന്ദർശകർക്ക് ഉസ്ബെക്കിസ്ഥാന്റെ സാംസ്‌കാരിക പാരമ്പര്യത്തെക്കുറിച്ച് മനസിലാക്കുന്നതിന് സഹായിക്കുന്ന സംവാദങ്ങൾ, വർക്ക്ഷോപ്പുകൾ, സിനിമാ പ്രദർശനങ്ങൾ, സംഗീതപരിപാടികൾ മുതലായവയും ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നതാണ്.

WAM