രാജ്യത്തെ പുകയില വിൽപ്പനശാലകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് സൗദി അറേബ്യ തീരുമാനിച്ചു. 2025 ഒക്ടോബർ 9-നാണ് സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ് ഇക്കാര്യം അറിയിച്ചത്.
حفاظاً على الصحة العامة، وتنظيماً للنشاط التجاري، وتعزيزًا للمشهد الحضري، أصدرت #وزارة_البلديات_والإسكان اشتراطات محلات بيع التبغ ومستلزماتها.
— وزارة البلديات والإسكان (@saudimomrah) October 9, 2025
لنمتثل #لأنها_بلدي
ഈ തീരുമാന പ്രകാരം സൗദി അറേബ്യയിൽ വിദ്യാലയങ്ങൾ, പള്ളികൾ എന്നിവയ്ക്ക് 500 മീറ്റർ പരിധിയിൽ പുകയില, മറ്റു അനുബന്ധ വസ്തുക്കൾ തുടങ്ങിയവയുടെ വിൽപ്പനശാലകൾ നിരോധിച്ചിട്ടുണ്ട്. ഇത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകൾക്ക് മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്.
രാജ്യത്ത് പൊതുസുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും, നിബന്ധനകൾ നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനും, സുരക്ഷിതവും, ക്രമപ്രകാരമുള്ളതുമായ ഒരു വാണിജ്യ അന്തരീക്ഷം ഉറപ്പ് വരുത്തുന്നതിനുമായാണ് ഈ തീരുമാനം. സൗദി അറേബ്യയിലെ പുകയില, പുകയില ഉത്പന്നങ്ങൾ എന്നിവ വിപണനം ചെയ്യുന്ന മുഴുവൻ വ്യാപാരശാലകൾക്കും ഈ തീരുമാനം ബാധകമാണ്.
സിഗരറ്റ്, ശിഷ, ഇ-സിഗരറ്റ് തുടങ്ങിയ ഉത്പന്നങ്ങൾ വിൽക്കുന്ന കടകൾക്കും ഈ നിബന്ധനകൾ ബാധകമായിരിക്കും. പുകയില വിൽപ്പനശാലകൾക്ക് ലൈസൻസ് ലഭിക്കുന്നതിന് സാധുതയുള്ള വാണിജ്യ രജിസ്‌ട്രേഷൻ, സിവിൽ ഡിഫെൻസിൽ നിന്നുള്ള അനുമതി, മുനിസിപ്പൽ ലൈസൻസിങ് ചട്ടങ്ങൾ, നിയമങ്ങൾ തുടങ്ങിയവയുമായുള്ള സമ്പൂർണ്ണ വിധേയത്വം എന്നിവ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട മറ്റു നിബന്ധനകൾ:
- നഗരപ്രദേശങ്ങളിലെ ഇത്തരം വില്പനശാലകൾ ഒരു വാണിജ്യ കെട്ടിടത്തിലായിരിക്കണം സ്ഥിതി ചെയ്യേണ്ടത്.
- ഇത്തരം വില്പനശാലകൾക്ക് ചുരുങ്ങിയത് 36 സ്‌ക്വയർ മീറ്റർ വിസ്തൃതിയുണ്ടായിരിക്കണം.
- ഇത്തരം വില്പനശാലകൾക്ക് പുറത്തുള്ള സൈൻ ബോർഡുകളിൽ പുകയില ഉത്പന്നങ്ങളുടെ ലോഗോ, പരസ്യചിത്രങ്ങൾ എന്നിവ പ്രദർശിപ്പിക്കരുത്. ഇത്തരം ബോർഡുകളിൽ വില്പനശാലകളുടെ പേര് നൽകുന്നതിന് മാത്രമായിരിക്കും അനുമതി.
- ഇത്തരം വില്പനശാലകളുടെ അകത്തും, പുറത്തും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കേണ്ടതാണ്.
- വില്പനശാലകളുടെ പുറത്തുള്ള നടപ്പാതകൾ ഉത്പന്നങ്ങളുടെ വില്പനയ്ക്കായി ഉപയോഗിക്കരുത്.
- ഇത്തരം വ്യാപാരശാലകൾ പൊതു ശുചിത്വ നിയമങ്ങൾ, സുരക്ഷിതമായ മാലിന്യ നിർമാർജ്ജന നിബന്ധനകൾ എന്നിവ കർശനമായി പാലിക്കേണ്ടതാണ്.
- ഇത്തരം വ്യാപാരശാലകളിലെത്തുന്ന ഉപഭോക്താക്കൾക്കായി ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങൾ ഉറപ്പാക്കേണ്ടതാണ്.
- കെട്ടിടസുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും പാലിക്കേണ്ടതാണ്.
- പതിനെട്ട് വയസ്സിന് താഴെ പ്രായമുള്ളവർക്ക് ഇത്തരം ഉത്പ്പന്നങ്ങൾ നൽകുന്നില്ലെന്ന് ഉറപ്പാക്കേണ്ടതാണ്. ഇതിനായി ഉപഭോക്താക്കളിൽ നിന്ന് വയസ്സ് തെളിയിക്കുന്ന രേകഖകൾ ആവശ്യപ്പെടുന്നതിന് വ്യാപാരികൾക്ക് അനുവാദം നൽകിയിട്ടുണ്ട്.
- പുകവലി, പുകയില ഉപയോഗം എന്നിവയുടെ അപകടസാധ്യതകൾ ഉൾപ്പെടുന്ന സന്ദേശങ്ങൾ വ്യാപാരശകളിൽ പ്രദർശിപ്പിക്കേണ്ടതാണ്.
- പുകയില ഉത്‌പന്നങ്ങളുടെ പ്രചാരണം, ഇത്തരം ഉത്പന്നങ്ങൾ സൗജന്യമായി നൽകൽ എന്നിവ നിരോധിച്ചിട്ടുണ്ട്.
- സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അംഗീകരിച്ചിട്ടുള്ള നിബന്ധനകൾ ലംഘിക്കുന്ന രീതിയിൽ ഒരു സിഗരറ്റ് മാത്രമായി വില്പന ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.

