സൗദി അറേബ്യ: VAT നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് ഭാവിയിൽ ആലോചിക്കുമെന്ന് ധനമന്ത്രി

Saudi Arabia

രാജ്യത്ത് 2020-ൽ പതിനഞ്ച് ശതമാനമായി ഉയർത്തിയ മൂല്യവർദ്ധിത നികുതി (VAT) നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് ആത്യന്തികമായി സൗദി അറേബ്യ ആലോചിക്കുമെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദാൻ വ്യക്തമാക്കി. ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കുന്നതിനിടെ റോയിട്ടേഴ്സിന് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കരുതൽ ധനശേഖരം കൂട്ടിച്ചേർക്കുന്ന നടപടികൾ തുടരുന്നതിന്റെ ഭാഗമായി നിലവിലെ 15 ശതമാനമായി ഉയർത്തിയിട്ടുള്ള VAT നിരക്ക് തുടരുമെന്നും, എന്നാൽ ആത്യന്തികമായി ഈ നിരക്ക് കുറയ്ക്കുന്നതിനാണ് സൗദി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും, എണ്ണവിലയിൽ രേഖപ്പെടുത്തിയ കുറവ് മൂലവും സാമ്പത്തിക മേഖലയിൽ ഉടലെടുത്ത പ്രതിസന്ധികൾ തരണം ചെയ്യുന്നതിനായാണ് 5 ശതമാനം ഉണ്ടായിരുന്ന മൂല്യ വർദ്ധിത നികുതി നിരക്ക് 2020 ജൂലായ് 1 മുതൽ സൗദി അറേബ്യ 15 ശതമാനമാക്കി ഉയർത്തിയത്. എന്നാൽ ഈ തീരുമാനം താത്കാലിക നടപടി മാത്രമാണെന്നും VAT വർദ്ധിപ്പിച്ച നടപടി, നിലവിലെ COVID-19 മഹാമാരിയുടെ പ്രതിസന്ധി അവസാനിച്ച ശേഷം സൗദി അറേബ്യ പുനഃപരിശോധിക്കുമെന്നും 2020-ൽ തന്നെ അധികൃതർ വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ സാമ്പത്തിക സ്ഥിതിഗതികൾ മെച്ചപ്പെടുന്ന സാഹചര്യത്തിൽ VAT നിരക്ക് പുനരാലോചിക്കുമെന്ന് മന്ത്രി മുഹമ്മദ് അൽ ജദാൻ റിയാദിൽ വെച്ച് 2021 ഡിസംബർ 13-ന് നടന്ന സൗദി ബഡ്ജറ്റ് 2022 ഫോറത്തിലും സൂചിപ്പിച്ചിരുന്നു.