റിയാദ് എക്സ്പോ 2030-യുമായി ബന്ധപ്പെട്ട മാസ്റ്റർ പ്ലാൻ സൗദി അറേബ്യ ലോകത്തിന് മുൻപിൽ അവതരിപ്പിച്ചു. 2023 ജൂൺ 22-നാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇന്റർനാഷണൽ ബ്യൂറോ ഓഫ് എക്സിബിഷൻസ് (Bureau International des Expositions – BIE) അംഗരാജ്യങ്ങളുടെ പങ്കാളിത്തത്തോടെ പാരിസിൽ വെച്ച് റോയൽ കമ്മിഷൻ ഫോർ റിയാദ് സിറ്റി അധികൃതർക്ക് നൽകിയ സ്വീകരണ ചടങ്ങിലാണ് സൗദി അറേബ്യ റിയാദ് എക്സ്പോ 2030-യുടെ ആസൂത്രിത പദ്ധതികളെക്കുറിച്ച് വെളിപ്പെടുത്തിയത്.
എക്സ്പോ 2030-യുടെ പ്രമേയമായ ‘ദീര്ഘദൃഷ്ടിയോടെയുള്ള ഭാവിയിലേക്ക് ഭൂമിയെ നയിക്കാം’ എന്ന ആശയത്തിലൂന്നിക്കൊണ്ട് ആഗോളതലത്തിൽ തന്നെ അസാധാരണമായ ഒരു ലോക എക്സ്പോ അനുഭവം ഒരുക്കുന്നത് ലക്ഷ്യമിട്ടാണ് ഈ മാസ്റ്റർ പ്ലാൻ ഒരുക്കിയിരിക്കുന്നത്. നിലവിൽ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന കിംഗ് സൽമാൻ ഇന്റർനാഷണൽ എയർപോർട്ടിന് അരികിലായാണ് റിയാദ് എക്സ്പോ 2030 ഒരുക്കുന്നത്.
വിദേശ യാത്രികർക്ക് എക്സ്പോ വേദിയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിന് സഹായിക്കുന്നതിനായാണ് ഈ തീരുമാനം. എയർപോർട്ടിൽ നിന്ന് എക്സ്പോ വേദിയിലേക്ക് റിയാദ് മെട്രോ ഉപയോഗിച്ച് കൊണ്ട് സഞ്ചരിക്കാവുന്നതാണ്. റിയാദ് നഗരത്തിന്റെ എല്ലാ മേഖലകളെയും എക്സ്പോ വേദിയുടെ മൂന്ന് പ്രവേശന കവാടങ്ങളിലൊന്നുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഈ മാസ്റ്റർ പ്ലാൻ അനുസരിച്ച് ലോക എക്സ്പോ വേദിയിലെ പവലിയനുകൾ ഒരു ഭൂഗോളത്തിന്റെ രൂപത്തിലായിരിക്കും ഒരുക്കുക. എക്സ്പോയിൽ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങൾക്കും തുല്യ അവസരം നൽകുന്നത് ലക്ഷ്യമിട്ടാണിത്. റിയാദ് നഗരത്തിന്റെ ചരിത്രം, സംസ്കാരം, ഭൂഘടന എന്നിവയിൽ നിന്ന് പ്രചോദനം ഉൾകൊണ്ടായിരിക്കും എക്സ്പോ വേദി ഒരുക്കുന്നത്.
2030-ലെ ലോക എക്സ്പോയ്ക്ക് വേദിയാകാൻ തങ്ങൾ തയ്യാറാണെന്ന് സൗദി അറേബ്യ 2021 ഒക്ടോബറിൽ ഔദ്യോഗികമായി അറിയിച്ചിരുന്നു.
ലോക എക്സ്പോ 2030-യുടെ വേദിയാകുന്നതിനുള്ള നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്ക് സൗദി അറേബ്യ 2021 ഡിസംബറിൽ തുടക്കമിട്ടിരുന്നു.
ലോക എക്സ്പോ 2030-യ്ക്ക് വേദിയാകാൻ സൗദി അറേബ്യ നിശ്ചയിച്ചിട്ടുള്ള റിയാദിലെ പരിസരങ്ങൾ BIE എൻക്വയറി മിഷൻ അംഗങ്ങൾ 2023 മാർച്ചിൽ പരിശോധിച്ചിരുന്നു.
Cover Image: Saudi Press Agency.