രാജ്യത്തെ ജനങ്ങൾക്ക് ചെറിയ വാഹനാപകടങ്ങൾ ഇനി മുതൽ അബ്ഷെർ സംവിധാനത്തിലൂടെ റിപ്പോർട്ട് ചെയ്യാമെന്ന് സൗദി അധികൃതർ അറിയിച്ചു. സൗദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷെർ ഇലക്ട്രോണിക് സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത് കൊണ്ട് ചെറിയ വാഹനാപകടങ്ങൾ സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്യാവുന്നതാണ്. സൗദി പബ്ലിക് സെക്യൂരിറ്റി അബ്ഷെർ ഇലക്ട്രോണിക് സംവിധാനത്തിൽ ഉൾപ്പെടുത്തിയ പുതിയ സേവനങ്ങളുടെ ഭാഗമായാണ് ഇത്.
മെയ് 16-ന് റിയാദിലെ പബ്ലിക് സെക്യൂരിറ്റി ആസ്ഥാനത്ത് വെച്ച് നടന്ന് ഒരു ചടങ്ങിൽ വെച്ച് ഡയറക്ടർ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ ബാസൈമി അബ്ഷെർ ഇലക്ട്രോണിക് സംവിധാനത്തിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കിയതായി സൗദി പ്രസ്സ് ഏജൻസി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
ഇതിന് പുറമെ, ഒരു വാഹനത്തിന്റെ ഉടമസ്ഥാവകാശം ഒരു കമ്പനിയിൽ നിന്ന് ഒരു വ്യക്തിയിലേക്ക് മാറ്റുന്നതിനുള്ള സേവനം, നമ്പർ പ്ലേറ്റ് കൈമാറുന്നതിനുള്ള സേവനം, ബാങ്ക് കാർഡുകളുമായി ബന്ധപ്പെട്ട് നടക്കുന്ന സാമ്പത്തിക തിരിമറികൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സേവനം, ട്രാഫിക് പിഴതുകകൾ അടയ്ക്കുന്നതിനുള്ള സമയപരിധി നീട്ടി വാങ്ങുന്നതിനുള്ള സേവനം തുടങ്ങിയ വിവിധ സേവനങ്ങൾ അബ്ഷെർ ഇലക്ട്രോണിക് സംവിധാനത്തിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
Cover Image: @SPAregions.