രാജ്യത്തെ വനപ്രദേശങ്ങളിലും, ദേശീയോദ്യാനങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കും, ഇത്തരം ഇടങ്ങളിലെ സസ്യജാലങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നവർക്കും പിഴ ചുമത്തുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി. സസ്യജാലങ്ങളുടെ സംരക്ഷണത്തിനും, മരുഭൂവത്കരണം തടയുന്നതിനും പ്രവർത്തിക്കുന്ന സൗദി നാഷണൽ സെന്റർ ഫോർ ദി ഡെവലപ്മെൻറ് ഓഫ് വെജിറ്റേഷൻ കവർ ആൻഡ് കോംബാറ്റിംഗ് ഡെസേർട്ടിഫിക്കേഷനാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ ദേശീയോദ്യാനങ്ങളിലും മറ്റും മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്ക് 2000 റിയാൽ വരെ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. വനപ്രദേശങ്ങളിലും, ദേശീയോദ്യാനങ്ങളിലും തീ കത്തിക്കുന്നവർക്ക് 3000 റിയാൽ വരെ പിഴ ചുമത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വനപ്രദേശങ്ങളിലും, ദേശീയോദ്യാനങ്ങളിലുമുള്ള സംവിധാനങ്ങൾ, വേലികൾ, അടയാള ബോർഡുകൾ മുതലായവ നശിപ്പിക്കുന്നവർക്ക് 3000 റിയാൽ പിഴ ചുമത്തുന്നതാണ്. ഇത്തരം ഇടങ്ങളിൽ അനധികൃതമായി ക്യാമ്പ് ചെയ്യുന്നവർക്ക് 3000 റിയാൽ പിഴ ചുമത്തുന്നതാണ്. ഇത്തരം ഇടങ്ങളിൽ അനധികൃത നിർമ്മാണങ്ങൾ നടത്തുന്നവർക്ക് 20000 റിയാൽ പിഴ ചുമത്തുന്നതാണ്.
പിഴ ചുമത്തുന്നതിന് പുറമെ, കേടുപാടുകൾ നികത്തുന്നതിന് ആവശ്യമായി വരുന്ന തുക നഷ്ടപരിഹാരമായി ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവരിൽ നിന്ന് ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.