രാജ്യത്ത് ഒരു തൊഴിലുടമയുടെ കീഴിൽ വർക്ക് പെർമിറ്റുകളുള്ള പ്രവാസി തൊഴിലാളികളെ മറ്റു തൊഴിലുടമകൾക്ക് കീഴിൽ ജോലിചെയ്യാൻ അനുവദിക്കുന്ന വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും കനത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് (ജവാസത്) വ്യക്തമാക്കി. 2022 ഡിസംബർ 4-ന് രാത്രിയാണ് ജവാസത് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, സൗദി അറേബ്യയിൽ ഒരു തൊഴിലുടമയുടെ കീഴിൽ വർക്ക് പെർമിറ്റുകളുള്ള പ്രവാസി തൊഴിലാളികളെ മറ്റു തൊഴിലുടമകൾക്ക് കീഴിൽ ജോലിചെയ്യാൻ അനുവദിക്കുന്ന സാഹചര്യത്തിലും, വ്യക്തിപരമായ ലാഭങ്ങൾക്കായി മറ്റു തൊഴിലുകളിൽ ഏർപ്പെടുന്നതിന് അനുവദിക്കുന്ന സാഹചര്യത്തിലും പിഴ, തടവ്, വിലക്ക് എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്ന് ജവാസത് വ്യക്തമാക്കിയിട്ടുണ്ട്.
സൗദി അറേബ്യയിൽ ഇത്തരം പ്രവർത്തികൾക്ക് താഴെ പറയുന്ന ശിക്ഷാ നടപടികൾ നേരിടേണ്ടി വരുന്നതാണ്:
- ഒരു ലക്ഷം റിയാൽ വരെ പിഴ.
- ആറ് മാസം വരെ തടവ്.
- ഇത്തരം തൊഴിലുടമകൾക്ക് അഞ്ച് വർഷം വരെ തൊഴിലാളികളെ നിയമിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നതാണ്.