എക്സ്പോ 2030: സൗദി അറേബ്യ ലക്ഷ്യമിടുന്നത് രണ്ടരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ

featured GCC News

2030-ലെ ലോക എക്സ്പോയുടെ വേദിയാകുന്നതിലൂടെ ഏതാണ്ട് രണ്ടരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നതെന്ന് സൗദി ടൂറിസം വകുപ്പ് മന്ത്രി അഹ്‌മദ്‌ അൽ ഖതീബ് വ്യക്തമാക്കി.

റിയാദിൽ വെച്ച് നടന്ന ഗ്ലോബൽ ലേബർ മാർക്കറ്റ് കോൺഫറൻസിൽ പങ്കെടുത്ത് കൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.

ഇതിന്റെ ഭാഗമായി സൗദി അറേബ്യ സുസ്ഥിര തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എക്സ്പോ 2030-ന്റെ പശ്ചാത്തലത്തിൽ ആയിരത്തിലധികം ഹോട്ടൽ മുറികളുമായി ബന്ധപ്പെട്ട് കൊണ്ട് സുസ്ഥിരമായ പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാഷണൽ ടൂറിസം സ്ട്രാറ്റജിയുടെ ഭാഗമായി 2030-ഓടെ ടൂറിസം മേഖലയിൽ നിന്നുള്ള ജിഡിപി നിലവിലെ മൂന്ന് ശതമാനത്തിൽ നിന്ന് പത്ത് ശതമാനത്തിലെത്തിക്കുന്നതിനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. ഇതിനായി ഏതാണ്ട് ഒരു ദശലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.