രാജ്യത്ത് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് തടവും പിഴയും ഉൾപ്പടെയുള്ള കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി അറ്റോർണി ജനറൽ ഷെയ്ഖ് സൗദ് അൽ മുഅജബ് അറിയിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.
ഇത്തരം പ്രവർത്തനങ്ങൾക്ക് സൗദി അറേബ്യയിൽ 15 വർഷം വരെ തടവും, പരമാവധി ഒരു ദശലക്ഷം റിയാൽ പിഴയും ചുമത്തുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കെതിരെ സൗദി കർശനമായ നടപടികൾ എടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
മനുഷ്യക്കടത്തിനെതിരായ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ജൂലൈ 30-നാണ് അദ്ദേഹം ഇത് സംബന്ധിച്ച പ്രസ്താവന നൽകിയത്. ഇത്തരം പ്രവർത്തനങ്ങൾ തടയുന്നതിന് ആവശ്യമായ നിയമങ്ങൾ സൗദിയിൽ നിലവിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം കുറ്റകൃത്യങ്ങൾക്കിരയാകുന്ന വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള എല്ലാ നടപടികളും സൗദി നിയമ സംവിധാനം ഉറപ്പ് വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.