ഒമാനെയും, സൗദി അറേബ്യയെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഡെസേർട്ട് ഹൈവേയുടെ സൗദി അതിർത്തിക്കുള്ളിൽ സ്ഥിതിചെയ്യുന്ന മുഴുവൻ ഭാഗങ്ങളിലും ടെലികോം സേവനം ലഭ്യമാക്കുമെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (CITC) അറിയിച്ചു. എംറ്റി ക്വാർട്ടർ മരുഭൂമിയിലൂടെയുള്ള ഈ ഹൈവേയുടെ സൗദി അതിർത്തിക്കുള്ളിൽ സ്ഥിതിചെയ്യുന്ന 564 കിലോമീറ്റർ മേഖലയിൽ 100 ശതമാനം ടെലികോം സേവനം ഉറപ്പാക്കുമെന്നാണ് CITC അറിയിച്ചിരിക്കുന്നത്.
ഈ പാത ഉപയോഗിക്കുന്ന യാത്രികർക്ക് ടെലികോം സേവനങ്ങൾ നൽകുന്നതിനായി സൗദിയിൽ സ്ഥിതിചെയ്യുന്ന എംറ്റി ക്വാർട്ടർ ഹൈവേയുടെ 564 കിലോമീറ്റർ മേഖലയിൽ പുതിയതായി മുപ്പത്തിനാല് ടെലികോം ടവറുകൾ സ്ഥാപിച്ചതായി CITC വ്യക്തമാക്കി.
സൗദി അറേബ്യയെയും, ഒമാനെയും നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ റോഡ് യാത്രികർക്കായി തുറന്ന് കൊടുത്തതായി ഇരു രാജ്യങ്ങളും ചേർന്ന് 021 ഡിസംബർ 7, ചൊവ്വാഴ്ച്ച സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ഈ ഹൈവേ സൗദി കിരീടാവകാശി H.R.H. മുഹമ്മദ് ബിൻ സൽമാന്റെ ഒമാൻ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് തുറന്ന് കൊടുത്തത്.
ഒമാനെയും, സൗദി അറേബ്യയെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഡെസേർട്ട് ഹൈവേയിലെ റുബഉൽ ഖാലി (എംറ്റി ക്വാർട്ടർ) ബോർഡർ കസ്റ്റംസ് ചെക്ക്പോസ്റ്റിന്റെ പ്രവർത്തന സമയം സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് (ROP) കഴിഞ്ഞ ദിവസം അറിയിപ്പ് നൽകിയിരുന്നു.
ഏതാണ്ട് 740 കിലോമീറ്റർ നീളമുള്ള ഈ പാത ഒമാനിലെ ദഹിറ ഗവർണറേറ്റിലെ ഇബ്രി റൌണ്ട് എബൗട്ടിൽ നിന്ന് ആരംഭിച്ച് സൗദിയിലെ അൽ അഹ്‌സ പട്ടണത്തിൽ അവസാനിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. സൗദി അറേബ്യയെ ഒമാനുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഈ പാത ഇരുരാജ്യങ്ങളും തമ്മിലുള്ള കയറ്റുമതി, ഇറക്കുമതി ചെലവുകൾ കുറയ്ക്കുന്നതിനും, കടത്ത്‌കൂലി കുറയ്ക്കുന്നതിനും, ഗതാഗതം സുഗമമാക്കുന്നതിനും സഹായകമാണ്.