2022 ജനുവരി 15 വരെ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ കാലാവസ്ഥ രൂക്ഷമായി തുടരാൻ സാധ്യതയുണ്ടെന്നും, മഴ മൂലം ഉണ്ടാകാനിടയുള്ള അപകടസാധ്യതകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും സൗദി സിവിൽ ഡിഫെൻസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 2022 ജനുവരി 13, വ്യാഴാഴ്ച്ച മുതൽ ജനുവരി 15, ശനിയാഴ്ച്ച വരെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് സൗദി സിവിൽ ഡിഫെൻസ് അറിയിച്ചിരിക്കുന്നത്.
ജനുവരി 12-ന് രാത്രിയാണ് സൗദി സിവിൽ ഡിഫെൻസ് ഈ മുന്നറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം, മക്ക, റിയാദ്, മദീന, അസിർ, ഹൈൽ, തബൂക്, അൽ ബാഹ, ഖാസിം, ഈസ്റ്റേൺ പ്രൊവിൻസ്, നോർത്തേൺ ബോർഡേഴ്സ് പ്രൊവിൻസ് തുടങ്ങിയ മേഖലകളിൽ ഇടിയും, മിന്നലോടും കൂടിയ കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്നും, സാമാന്യം ഭേദപ്പെട്ട മഴ ലഭിക്കാമെന്നും സൗദി സിവിൽ ഡിഫെൻസ് വ്യക്തമാക്കിയിട്ടുണ്ട്.
ജനുവരി 14, 15 തീയതികളിൽ ഏതാനം ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും സിവിൽ ഡിഫെൻസ് അറിയിച്ചു. ഇത് പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിനും, മഴ വെള്ളത്തിന്റെ കുത്തൊഴുക്കിനും കാരണമാകാമെന്നും അധികൃതർ കൂട്ടിച്ചേർത്തു. തബൂക്കിലെ മലനിരകളിൽ മഞ്ഞ് വീഴ്ച്ചയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
വെള്ളപ്പൊക്കം ഉണ്ടാകാനിടയുള്ള ഇടങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ ജനങ്ങളോട് സിവിൽ ഡിഫെൻസ് വക്താവ് ലെഫ്റ്റനന്റ് കേണൽ മൊഹമ്മദ് അൽ ഹമ്മാദി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം വിവിധ മാധ്യമങ്ങളിലൂടെ സിവിൽ ഡിഫെൻസ് നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.