സൗദി: ഒക്ടോബർ 8 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി

Saudi Arabia

ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഒക്ടോബർ 8 വരെ ഇടിയോട് കൂടിയ മഴയ്ക്കും, കാറ്റിനും സാധ്യതയുള്ളതായി സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി. 2021 ഒക്ടോബർ 4 മുതൽ ഒക്ടോബർ 8 വരെ സൗദിയുടെ വിവിധ ഇടങ്ങളിൽ ഇടിയും, മിന്നലോടും കൂടിയ കൊടുങ്കാറ്റ്, ശക്തമായ മഴ, കാറ്റ് എന്നിവ ഉണ്ടാകാനിടയുണ്ടെന്ന് സിവിൽ ഡിഫെൻസ് വ്യക്തമാക്കി.

റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ്, മക്ക, അസിർ, നജ്‌റാൻ മുതലായ മേഖലകളിൽ ഇത് വെള്ളത്തിന്റെ കുത്തൊഴുക്കിന് കരണമാകാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഈസ്റ്റേൺ പ്രൊവിൻസിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചൊവ്വ, ബുധൻ ദിനങ്ങളിൽ റിയാദിന്റെ വിവിധ മേഖലകളിൽ മഴ ലഭിക്കുമെന്നും, മക്ക, അസിർ, നജ്‌റാൻ മേഖലകളിൽ ബുധൻ, വ്യാഴം ദിനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും സിവിൽ ഡിഫെൻസ്ചൂണ്ടിക്കാട്ടി.

സൗദി കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പുകളെ തുടർന്നാണ് സിവിൽ ഡിഫെൻസ് ഈ മുന്നറിയിപ്പുകൾ നൽകിയിട്ടുള്ളത്. വെള്ളപ്പൊക്കമുണ്ടാകാനിടയുള്ള പ്രദേശങ്ങൾ ഒഴിവാക്കാനും, ജാഗ്രത പുലർത്താനും സിവിൽ ഡിഫെൻസ് ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

Cover Image: Saudi Press Agency.