2021 ജൂൺ 16 മുതൽ റിയാദിലെ നാഷണൽ മ്യൂസിയത്തിൽ വെച്ച് സൗദി സാംസ്‌കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കയ്യെഴുത്തുകളുടെയും, കലിഗ്രഫിയുടെയും ഒരു പ്രത്യേക എക്സിബിഷൻ സംഘടിപ്പിക്കുന്നു. ‘സ്ക്രിപ്റ്റ്സ് ആൻഡ് കലിഗ്രഫി: എ ടൈംലെസ് ജേർണി’ എന്ന പേരിലുള്ള ഈ എക്സിബിഷൻ അറബിക് മേഖലയിലെ കയ്യെഴുത്ത്, കൈയെഴുത്തുശാസ്‌ത്രം എന്നിവയുടെ പരിണാമം, ചരിത്രം എന്നിവ സന്ദർശകർക്ക് പകർന്ന് നൽകുന്നതിനാണ് ലക്ഷ്യമിടുന്നത്.
ജൂൺ 16 മുതൽ ഓഗസ്റ്റ് 21 വരെയാണ് ‘സ്ക്രിപ്റ്റ്സ് ആൻഡ് കലിഗ്രഫി: എ ടൈംലെസ് ജേർണി’ എക്സിബിഷൻ സംഘടിപ്പിക്കുന്നത്. അറബിക് കലിഗ്രഫിയുടെ വികാസത്തിന്റെ വിവിധ ഘട്ടങ്ങൾ ഈ പ്രദർശനത്തിലൂടെ ദർശിക്കാവുന്നതാണ്. കലിഗ്രഫി എന്ന കലയിൽ നൂതന സാങ്കേതികവിദ്യകളുടെ സ്വാധീനത്തെക്കുറിച്ചും ഈ പ്രദർശനം ചൂണ്ടിക്കാട്ടുന്നതാണ്.
അറബിക് കയ്യെഴുത്തിന്റെ ഉത്പത്തി, കലിഗ്രഫിയുടെ വികാസം, പ്രശസ്തരായ കലിഗ്രഫി കലാകാരൻമാർ, കലിഗ്രഫിയും സമകാലിക കലയും, കലിഗ്രഫിയും നിർമ്മിത ബുദ്ധിയും എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായാണ് ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഏതാണ്ട് 1500 സ്‌ക്വയർ മീറ്ററിലാണ് ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്. അറബ് നാഗരികതയുടെ ചരിത്രത്തിൽ കലിഗ്രഫിയ്ക്കുള്ള പ്രാധാന്യം ഈ പ്രദർശനം എടുത്തുകാട്ടുന്നു. അറേബ്യൻ ഉപദ്വീപുകളിൽ ഏതാണ്ട് 1700 വർഷം മുൻപ് അക്ഷരങ്ങൾ ഉടലെടുത്തത് മുതലുള്ള കയ്യെഴുത്തിന്റെ വിവിധ ഘട്ടങ്ങളിലെ ചരിത്രം ഈ എക്സിബിഷനിലൂടെ അടുത്തറിയാവുന്നതാണ്.
അക്ഷരങ്ങളെ പ്രത്യേക രീതിയിൽ ക്രമീകരിക്കുന്നതിലൂടെ നയനസുഭഗമായ ചിത്രങ്ങൾക്ക് രൂപം നൽകുന്ന കലിഗ്രഫി എന്ന കലാരൂപം പൊതുസമൂഹത്തിലെ കൂടുതൽ പേരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവും ഈ പ്രദർശനത്തിലൂടെ മന്ത്രാലയം മുന്നോട്ട് വെക്കുന്നു. സൗദിയിൽ നിന്നും, വിദേശരാജ്യങ്ങളിൽ നിന്നുമുള്ള നിരവധി പ്രഗൽഭ കലിഗ്രഫി കലാകാരന്മാരുടെ സൃഷ്ടികൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2021 എന്ന വർഷത്തെ അറബിക് കലിഗ്രഫിയുടെ വർഷമായി ആഘോഷിക്കുന്നതിനായി സൗദി മിനിസ്ട്രി ഓഫ് കൾച്ചർ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. അറബിക് കലിഗ്രഫിയുമായി ബന്ധപ്പെട്ട് സൗദി പോസ്റ്റും, സൗദി മിനിസ്ട്രി ഓഫ് കൾച്ചറും ചേർന്ന് അടുത്തിടെ സംയുക്തമായി ഏതാനം സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കിയിരുന്നു.
Cover Photo: Saudi Ministry of Culture