പ്രവാസി വിസകളുടെയും, റെസിഡൻസി പെർമിറ്റുകളുടെയും കാലാവധി 3 മാസത്തേക്ക് കൂടി സൗജന്യമായി നീട്ടിനൽകാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജൂലൈ 5, ഞായറാഴ്ച്ച വൈകീട്ടാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
കൊറോണ വൈറസ് പശ്ചാത്തലത്തിൽ വ്യക്തികൾക്കും, വാണിജ്യ മേഖലയിലും ഉണ്ടായിട്ടുള്ള പ്രതിസന്ധികൾ കുറക്കുന്നതിനുള്ള സൗദിയുടെ നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇതിന്റെ ഭാഗമായി, പ്രത്യേക ചാർജുകൾ ഈടാക്കാതെ പ്രവാസികളുടെ എക്സിറ്റ് വിസ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടിനൽകും.
യാത്രാവിലക്കുകളെ തുടർന്ന് സൗദിയിലേക്ക് മടങ്ങിയെത്താൻ കഴിയാതെ തുടരുന്ന പ്രവാസികളുടെ, കാലാവധി കഴിഞ്ഞ റെസിഡൻസി വിസകളുടെ സാധുത 3 മാസത്തേക്ക് കൂടി നീട്ടാനും തീരുമാനിച്ചിട്ടുണ്ട്. ഇത് കൂടാതെ നിലവിൽ സൗദിയിൽ തുടരുന്ന സന്ദർശക വിസകളിലുള്ളവരുടെ വിസിറ്റ് വിസ കാലാവധിയും മൂന്ന് മാസത്തേക്ക് സൗജന്യമായി നീട്ടിനൽകുന്നതാണ്.