രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ വിസിറ്റ് വിസ കാലാവധി 2021 നവംബർ 30 വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത്തരം വിഭാഗങ്ങളിലുള്ള സന്ദർശകരുടെ വിസ കാലാവധി മന്ത്രാലയം സ്വയമേവ നീട്ടി നൽകുന്നതാണ്.
ഒക്ടോബർ 24-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. സൗജന്യമായാണ് ഇത്തരം വിസകളുടെ കാലാവധി നീട്ടി നൽകുന്നതെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഇതോടെ സൗദി വിസിറ്റ് വിസ അനുവദിച്ചിട്ടുള്ള, എന്നാൽ യാത്രാ വിലക്കുകൾ മൂലം സൗദിയിലേക്ക് യാത്രചെയ്യാനാകാതിരുന്ന, സന്ദർശകർക്ക് തങ്ങളുടെ വിസിറ്റ് വിസകളുടെ കാലാവധി നവംബർ 30 വരെ സ്വയമേവ നീട്ടിക്കിട്ടുന്നതാണ്. നിലവിൽ ഇന്ത്യ, പാകിസ്ഥാൻ, ഇന്തോനേഷ്യ, ഈജിപ്ത്, ടർക്കി, ബ്രസീൽ, എത്യോപ്യ, വിയറ്റ്നാം, അഫ്ഘാനിസ്ഥാൻ, ലെബനൻ എന്നീ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങൾ തുടരുന്നുണ്ട്.