ആഭ്യന്തര വിമാനസർവീസുകളിൽ മുഴുവൻ സീറ്റുകളും ഉപയോഗപ്പെടുത്തുന്ന രീതിയിൽ സേവനങ്ങൾ നൽകുന്നതിനുള്ള തീരുമാനം 2021 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വന്നതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മുഴുവൻ സീറ്റുകളും ഉപയോഗപ്പെടുത്തുന്നതിനായി ആഭ്യന്തര വിമാനസർവീസുകളിൽ ഏർപ്പെടുത്തിയിരുന്ന സമൂഹ അകലം സംബന്ധിച്ച മാനദണ്ഡങ്ങൾ GACA ഒഴിവാക്കിയിട്ടുണ്ട്. രണ്ട് ഡോസ് COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ള യാത്രികർക്ക് മാത്രം യാത്രാ സേവനങ്ങൾ നൽകുന്ന രീതിയിലാണ് ആഭ്യന്തര വിമാനസർവീസുകളിൽ ഇത് നടപ്പിലാക്കുന്നത്. 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾ, ആരോഗ്യ കാരണങ്ങളാൽ വാക്സിനെടുക്കുന്നതിൽ ഒദ്യോഗിക ഇളവുകൾ അനുവദിച്ചിട്ടുള്ളവർ എന്നീ വിഭാഗങ്ങൾക്കൊഴികെ ഈ തീരുമാനം ബാധകമാകുന്നതാണ്.
2021 സെപ്റ്റംബർ 1 മുതൽ രാജ്യത്തെ ആഭ്യന്തര വിമാനസർവീസുകളിൽ, മുഴുവൻ സീറ്റുകളും ഉപയോഗപ്പെടുത്തുന്ന രീതിയിൽ യാത്രികർക്ക് സേവനം നൽകുന്നതിനെക്കുറിച്ച് ആലോചിച്ച് വരുന്നതായി GACA ഓഗസ്റ്റ് 11-ന് അറിയിച്ചിരുന്നു.
2021 സെപ്റ്റംബർ 1 മുതൽ തങ്ങളുടെ ആഭ്യന്തര വിമാനസർവീസുകളിൽ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള യാത്രികർക്ക് മാത്രമായിരിക്കും യാത്രാ സേവനങ്ങൾ നൽകുന്നതെന്ന് സൗദി അറേബ്യയിലെ വിമാനക്കമ്പനിയായ സൗദിയ ഓഗസ്റ്റ് 25-ന് അറിയിച്ചിരുന്നു.