സൗദി: ആഭ്യന്തര വിമാനസർവീസുകളിൽ മുഴുവൻ സീറ്റുകളും ഉപയോഗിക്കുന്നതിന് അനുമതി നൽകാൻ ആലോചിക്കുന്നതായി GACA

GCC News

രാജ്യത്തെ ആഭ്യന്തര വിമാനസർവീസുകളിൽ, മുഴുവൻ സീറ്റുകളും ഉപയോഗപ്പെടുത്തുന്ന രീതിയിൽ യാത്രികർക്ക് സേവനം നൽകുന്നതിനെക്കുറിച്ച് ആലോചിച്ച് വരുന്നതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു. ഇതിന്റെ വിവിധ വശങ്ങളെക്കുറിച്ചും, സാധ്യതകളെക്കുറിച്ചും GACA വിശകലനം ചെയ്തതായി അധികൃതർ സ്ഥിരീകരണം നൽകിയിട്ടുണ്ട്.

ഓഗസ്റ്റ് 11-ന് രാത്രിയാണ് GACA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. സൗദി ആരോഗ്യ മന്ത്രാലയവുമായി ചേർന്നാണ് GACA ഇക്കാര്യം പരിശോധിക്കുന്നത്. ഇത്തരത്തിൽ സേവനങ്ങൾ നൽകുന്നതിന് അനുമതി ലഭിക്കുന്നത് സംബന്ധിച്ച് രാജ്യത്തെ വിവിധ വിമാനകമ്പനികൾ അതോറിറ്റിയോട് അഭ്യർത്ഥിച്ചിരുന്നു.

ഇതുമതി ബന്ധപ്പെട്ട നടപടികൾ 2021 സെപ്റ്റംബർ 1-ന് പ്രാബല്യത്തിൽ വരുമെന്നും GACA വ്യക്തമാക്കിയിട്ടുണ്ട്. ഏതാനം സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരമാണ്, ആഭ്യന്തര വിമാനങ്ങളിൽ ഇത്തരത്തിൽ മുഴുവൻ സീറ്റുകളിലും യാത്രികരെ ഉൾപ്പെടുത്തുന്നതിന് അനുമതി നൽകുക എന്നും GACA കൂട്ടിച്ചേർത്തു.

രണ്ട് ഡോസ് വാക്സിനെടുത്ത യാത്രികർക്ക് മാത്രം സേവനങ്ങൾ നൽകുന്ന രീതിയിലായിരിക്കും ഇത് നടപ്പിലാക്കുന്നതെന്നും GACA സൂചിപ്പിച്ചു. വാക്സിനെടുക്കുന്നതിൽ ഔദ്യോഗിക ഇളവുകളുള്ളവർ, 12 വയസിന് താഴെ പ്രായമുള്ളവർ തുടങ്ങിയവർക്ക് മാത്രമായിരിക്കും ഈ നിബന്ധന ഒഴിവാക്കി നൽകുന്നത്.