സൗദി: പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ സംബന്ധിച്ച് ഇന്ത്യൻ എംബസിയുടെ അറിയിപ്പ്

GCC News

അപേക്ഷകർ നേരിട്ടെത്തി അധികൃതരുടെ സാന്നിദ്ധ്യത്തിൽ ഒപ്പ് വെക്കേണ്ടതായ അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി, റിയാദിലെ ഉം അൽ ഹമ്മാം സേവനകേന്ദ്രത്തിൽ, എല്ലാ പ്രവർത്തി ദിനങ്ങളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ എംബസിയുടെ അറ്റസ്റ്റേഷൻ ഉദ്യോഗസ്ഥർ സന്നിഹിതരായിരിക്കുമെന്ന് സൗദി ഇന്ത്യൻ എംബസി അറിയിച്ചു. റിയാദിനു പുറത്തുള്ള VFS സേവന കേന്ദ്രങ്ങളിൽ അറ്റസ്റ്റേഷൻ ഉദ്യോഗസ്ഥർ അടുത്ത വാരാന്ത്യം മുതൽ സന്ദർശനം ആരംഭിക്കുമെന്നും എംബസി വ്യക്തമാക്കി.

VFS സേവന കേന്ദ്രങ്ങൾ ഇല്ലാത്ത ഇടങ്ങളിൽ സേവനങ്ങൾ നൽകുന്നതിനായുള്ള പ്രത്യേക കോൺസുലാർ ക്യാമ്പുകൾ അടുത്ത മാസം മുതൽ ആരംഭിക്കുന്നതാണ്. അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി വരുന്നവർക്ക് മുൻ‌കൂർ അനുവാദം ആവശ്യമില്ലെന്നും എംബസി അറിയിച്ചു. എന്നാൽ പാസ്പോർട്ട് സംബന്ധമായ സേവനങ്ങൾക്കായി വരുന്നവർ VFS വെബ്സൈറ്റിലൂടെ മുൻകൂർ അനുവാദം നേടേണ്ടതാണ്. അടുത്ത ആഴ്ച മുതൽ ദിനം പ്രതി 500 പേർക്ക് സേവനങ്ങൾ നൽകുന്ന രീതിയിലേക്ക് പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതാണെന്നും എംബസി അറിയിപ്പിൽ പറയുന്നു.

ഇന്റർനെറ്റ് സേവനങ്ങൾ ഇല്ലാത്തവർക്ക്, മുൻ‌കൂർ അനുവാദം നേടുന്നതിനായി, ഓരോ VFS സേവന കേന്ദ്രങ്ങളുടെയും കവാടങ്ങളിലുള്ള പ്രത്യേക ഡ്രോപ്പ് ബോക്സ് സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്. ഇത്തരക്കാർക്ക് തങ്ങളുടെ പാസ്പോർട്ട് കോപ്പി, മൊബൈൽ നമ്പർ എന്നിവ ഡ്രോപ്പ് ബോക്സുകളിൽ നിക്ഷേപിക്കാവുന്നതാണ്. മുൻകൂർ അനുവാദം സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിനായി VFS സേവന കേന്ദ്രങ്ങളിൽ നിന്ന് ഇവരെ നേരിട്ട് ഫോണിലൂടെ ബന്ധപ്പെടുന്നതാണ്.

തത്കാൽ വ്യവസ്ഥയിലുള്ള പാസ്പോർട്ട് സേവനങ്ങൾ എല്ലാ പ്രവർത്തി ദിനങ്ങളിലും റിയാദിലെ ഉം അൽ ഹമ്മാം സേവനകേന്ദ്രത്തിൽ നിന്ന് ലഭ്യമാണ്. ഇതിനായുള്ള അപേക്ഷകൾ ഉച്ചയ്ക്ക് 1 മണി വരെ നൽകാവുന്നതാണ്. ഇതിന് മുൻ‌കൂർ അനുവാദം ആവശ്യമില്ല.

ഓഗസ്റ്റ് 30 2020 മുതൽ തത്കാൽ വ്യവസ്ഥയിലുള്ള പാസ്പോർട്ട് സേവനങ്ങൾ, അറ്റസ്റ്റേഷൻ സേവനങ്ങൾ എന്നിവ താഴെ പറയുന്ന വിലാസത്തിൽ നിന്ന് ലഭ്യമാണെന്നും എംബസി അറിയിപ്പിൽ പറയുന്നു:

Joint Visa Application Center,
2591 Makkah Road,
Al Hada, Riyadh 12913.
(beside Marriot Courtyard, opposite of Diplomatic Quarters Gate 2)

ദമാമിൽ അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭ്യമാകുന്ന ദിനങ്ങൾ:

  • ഓഗസ്റ്റ് 28, 29
  • സെപ്റ്റംബർ 4, 5
  • സെപ്റ്റംബർ 11, 12
  • സെപ്റ്റംബർ 18, 19
  • സെപ്റ്റംബർ 25, 26
  • ഒക്ടോബർ 2, 3
  • ഒക്ടോബർ 9, 10
  • ഒക്ടോബർ 16, 17
  • ഒക്ടോബർ 23, 24
  • ഒക്ടോബർ 30, 31

മറ്റിടങ്ങളിൽ നിന്ന് അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭ്യമാകുന്ന ദിനങ്ങൾ:

  • ഹായിൽ – സെപ്റ്റംബർ 4
  • ജുബൈൽ – സെപ്റ്റംബർ 11
  • അൽ ഖാഫ്‌ജി – സെപ്റ്റംബർ 18
  • വാദി അൽ ദവാസിർ – സെപ്റ്റംബർ 19
  • ഹഫ്ർ അൽ ബതീൻ – സെപ്റ്റംബർ 25
  • ജുബൈൽ – സെപ്റ്റംബർ 25