ഈ വർഷത്തെ റമദാനിൽ മക്കയിലെ ഗ്രാൻഡ് മോസ്കിലെത്തുന്ന വിശ്വാസികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനായി പ്രത്യേക ഡിജിറ്റൽ സ്ക്രീനുകൾ സ്ഥാപിച്ചു. ഗ്രാൻഡ് മോസ്കിൽ ജനറൽ പ്രെസിഡെൻസി ഫോർ അഫയേഴ്‌സിനു കീഴിൽ ഇത്തരത്തിൽ അമ്പതിലധികം ഡിജിറ്റൽ സ്‌ക്രീനുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
ഗ്രാൻഡ് മോസ്കിലുടനീളം ഇത്തരം സ്ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും, ഇവയിലൂടെ വിവിധ ഭാഷകളിൽ നിർദ്ദേശങ്ങൾ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇവയിലൂടെ നൽകുന്ന നിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിനായി പ്രത്യേക പണ്ഡിതന്മാരുടെയും, വിവർത്തകരുടെയും ഒരു സംഘത്തെ തയ്യാറാക്കിയതായും അധികൃതർ കൂട്ടിച്ചേർത്തു.
ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ, ഉംറ അനുഷ്ഠിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകൾ, ഗ്രാൻഡ് മോസ്കിൽ പാലിക്കേണ്ട നിയമങ്ങൾ, ദിശാസൂചികകൾ തുടങ്ങി വിവിധ തരം സന്ദേശങ്ങളാണ് ഈ സ്‌ക്രീനുകളിലൂടെ നൽകുന്നത്. ഇതിന് പുറമെ റമദാനിൽ പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ, ഇസ്ലാമിക പ്രമാണങ്ങൾ എന്നിവ അടങ്ങിയ സന്ദേശങ്ങളും ഇവയിലൂടെ പ്രദർശിപ്പിക്കുന്നതാണ്.