നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി സൗദി, ഇറാൻ വിദേശകാര്യ മന്ത്രിമാർ റമദാൻ മാസത്തിൽ കൂടിക്കാഴ്ച നടത്തും

featured GCC News

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി സൗദി, ഇറാൻ വിദേശകാര്യ മന്ത്രിമാർ ഈ റമദാൻ മാസത്തിൽ കൂടിക്കാഴ്ച നടത്തും. 2023 മാർച്ച് 27-ന് വൈകീട്ട് സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതിന്റെ ഭാഗമായി സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാനുമായി ഇറാൻ വിദേശകാര്യ മന്ത്രി ഹൊസെയ്ൻ ആമിർ അബ്ദോല്ലാഹ്യാൻ ഫോണിലൂടെ ചർച്ച നടത്തി. ഇരുരാജ്യങ്ങൾക്കിടയിലുമുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി മുന്നോട്ട് വെച്ചിട്ടുള്ള വിവിധ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.

ഇരുരാജ്യങ്ങൾക്കിടയിലുമുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ സൗദി അറേബ്യയും ഇറാനും തമ്മിൽ 2023 മാർച്ച് 10-ന് ചൈനയുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചകളിൽ ധാരണയിലെത്തിയിരുന്നു.

സൗദി അറേബ്യയും ഇറാനും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിനും, ഇതിന്റെ ഭാഗമായി അടുത്ത രണ്ട് മാസത്തിനിടയിൽ എംബസികൾ വീണ്ടും തുറന്ന് പ്രവർത്തിപ്പിക്കുന്നതിനും ഈ ചർച്ചയിൽ ധാരണയായതായി മൂന്ന് രാജ്യങ്ങളും ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ അന്ന് വ്യക്തമാക്കിയിരുന്നു.