റമദാനിൽ രാജ്യത്തെ പള്ളികളിൽ നടപ്പിലാക്കേണ്ടതായ മാനദണ്ഡങ്ങൾ സംബന്ധിച്ച് സൗദി ഇസ്ലാമിക് അഫയേഴ്‌സ്, ദാവാഹ് ആൻഡ് ഗൈഡൻസ് മന്ത്രാലയം ഒരു പ്രത്യേക ഉത്തരവ് പുറത്തിറക്കി. ഇസ്ലാമിക് അഫയേഴ്‌സ് വകുപ്പ് മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ ഷെയ്‌ഖാണ് ഉത്തരവ് പുറത്തിറക്കിയത്.
റമദാൻ മാസത്തിൽ രാജ്യത്തെ പള്ളികളിൽ നടപ്പിലാക്കേണ്ട തയ്യാറെടുപ്പുകൾ സംബന്ധിച്ച് ഈ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്:
- പള്ളികളുടെ മുറ്റം ഉൾപ്പടെയുള്ള പരിസരങ്ങളിൽ, ഇഫ്താർ നടത്തുന്നതിന് അനുമതി നൽകിയിട്ടുള്ള ഇടങ്ങളിൽ മാത്രമാണ് ഇവ നടത്തുന്നതിന് അനുവാദം. ഇത് കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് പള്ളികളിലെ ഇമാം ഉറപ്പ് വരുത്തേണ്ടതാണ്.
- ഇഫ്താർ വിരുന്നിന് ശേഷം ഈ ഇടങ്ങൾ ഉടൻ തന്നെ കൃത്യമായി ശുചിയാക്കേണ്ടതാണ്.
- പള്ളി പരിസരങ്ങളിൽ ഇഫ്താറിനായി താത്‌കാലിക ടെന്റുകൾ കെട്ടുന്നതിനോ, മുറികൾ ഉപയോഗിക്കുന്നതിനോ അനുമതിയില്ല.
- റമദാൻ മാസത്തിൽ ഉടനീളം പള്ളികളിൽ ഇമാം, മറ്റു അധികാരികൾ എന്നിവർ നിർബന്ധമായും ഉണ്ടാകേണ്ടതാണ്.
- പള്ളികളിൽ ക്യാമറകൾ സ്ഥാപിക്കുന്നതിനും, ഇഫ്താർ നടത്തുന്നതിനായി സാമ്പത്തിക സംഭാവനകൾ സ്വീകരിക്കുന്നതിനും അനുമതിയില്ല.
- പള്ളികളും, പരിസരങ്ങളും ശുചിയാക്കുന്നതിനുള്ള നടപടികൾ കൃത്യമായി നടപ്പിലാക്കേണ്ടതാണ്.
- പ്രാർത്ഥനകൾക്കായി പള്ളികളിലെത്തുന്നവർ ചെറിയ കുട്ടികളെ ഒപ്പം കൊണ്ട് വരുന്നത് ഒഴിവാക്കണമെന്നും ഈ ഉത്തരവിൽ ആഹ്വാനം ചെയ്തിട്ടുണ്ട്.
Cover Image: Saudi Press Agency.