2024-ഓടെ പൗരന്മാർക്കായി മൂന്ന് ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ട്, നവീകരിച്ച നിതാഖത് പദ്ധതിയ്ക്ക് തുടക്കമിട്ടതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിച്ചു. സൗദിയിലെ തൊഴിൽ മേഖലയ്ക്ക് പുത്തൻ ഉണർവ്വ് നൽകുന്നതിനായുള്ള ഈ നടപടിയിലൂടെ MHRSD 340000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായാണ് ലക്ഷ്യമിടുന്നത്.
മെയ് 23-നാണ് MHRSD ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. നവീകരിച്ച നിതാഖത് പദ്ധതിയിലൂടെ അടുത്ത മൂന്ന് വർഷത്തിനിടയിൽ സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട സംഘടനാപരമായ സ്ഥിരത കൊണ്ടുവരുന്നതിനും മന്ത്രാലയം ലക്ഷ്യമിടുന്നു.
നവീകരിച്ച നിതാഖത് പദ്ധതിയുടെ ഭാഗമായി സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന സ്വദേശിവത്കരണത്തിന്റെ മാനദണ്ഡങ്ങളിൽ ഭേദഗതികൾ കൊണ്ടുവരുന്നതിനും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്.