സൗദി: വിസ കാലാവധി അവസാനിക്കുന്നതിന് മുൻപ് മടങ്ങിയെത്താത്ത പ്രവാസികൾക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് ഒഴിവാക്കി

GCC News

എക്സിറ്റ്-റീഎൻട്രി വിസ കാലാവധി അവസാനിക്കുന്നതിന് മുൻപായി സൗദി അറേബ്യയിലേക്ക് മടങ്ങിയെത്തുന്നതിൽ വീഴ്ച വരുത്തുന്ന പ്രവാസികൾക്ക് ഏർപ്പെടുത്തിയിരുന്ന മൂന്ന് വർഷത്തെ പ്രവേശന വിലക്ക് പിൻവലിച്ചതായി സൂചന. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിസ കാലാവധി അവസാനിക്കുന്നതിന് മുൻപ് മടങ്ങിയെത്താത്ത പ്രവാസികൾക്ക് സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിക്കാൻ നിർദ്ദേശിച്ച് കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലെയും വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കര, കടൽ, വ്യോമ അതിർത്തികളുടെ ഇത്തരം പ്രവാസികൾക്ക് സൗദി അറേബ്യയിലേക്ക് പ്രവേശിക്കാവുന്നതാണ്. ഈ തീരുമാനം 2024 ജനുവരി 16, ചൊവ്വാഴ്ച മുതൽ സൗദി അറേബ്യയിൽ പ്രാബല്യത്തിൽ വന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സൗദി അറേബ്യയിൽ നിന്ന് എക്സിറ്റ്-റീഎൻട്രി വിസകളിൽ നാട്ടിലേക്ക് മടങ്ങിയ പ്രവാസികളിൽ വിസ കാലാവധി അവസാനിക്കുന്നതിന് മുൻപായി തിരികെയെത്താത്തവർക്ക് മൂന്ന് വർഷത്തെ പ്രവേശനവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.