കടലാസിൽ തയ്യാറാക്കിയ തൊഴിൽ കരാറുകൾക്ക് അംഗീകാരമില്ലെന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) വ്യക്തമാക്കി. 2022 ജനുവരി 1 മുതൽ മന്ത്രാലയത്തിന്റെ ഡിജിറ്റൽ സംവിധാനങ്ങളിൽ രജിസ്റ്റർ ചെയ്യാത്ത കടലാസിൽ മാത്രം തയ്യാറാക്കിയിട്ടുള്ള തൊഴിൽ കരാറുകൾക്ക് സാധുതയില്ലെന്ന രീതിയിൽ പ്രാദേശിക മാധ്യമങ്ങളിൽ വന്ന വർത്തകളെയാണ് മന്ത്രാലയം തള്ളിക്കളഞ്ഞത്.
MHRSD-യുടെ ഓൺലൈൻ സംവിധാനങ്ങളിൽ ഉൾപ്പെടുത്താത്ത തൊഴിൽ കരാറുകൾക്ക് അംഗീകാരമില്ലെന്നും, ഇത്തരം രേഖകൾ രാജ്യത്തെ ലേബർ കോർട്ടുകളിൽ സ്വീകരിക്കില്ലെന്നുമുള്ള പ്രചാരണങ്ങൾ തെറ്റാണെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് സാദ് അൽ ഹമ്മാദ് ചൂണ്ടിക്കാട്ടി. രാജ്യത്തെ തൊഴിൽ അവകാശങ്ങൾ മികച്ച രീതിയിൽ സംരക്ഷിക്കുന്നതിനായാണ് ലേബർ കോൺട്രാക്ട് ഡോക്യൂമെന്റഷൻ പ്രോഗ്രാം ആരംഭിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.