ഉംറ അനുഷ്ഠിക്കുന്നതിനായി മക്കയിലെ ഗ്രാൻഡ് മോസ്കിലെത്തുന്ന തീർത്ഥാടകർ തിരക്കൊഴിവാക്കുന്നതിനായി പള്ളിയിൽ വിശ്രമിക്കുന്നത് ഒഴിവാക്കണമെന്ന് സൗദി ഹജ്ജ് മന്ത്രാലയം നിർദ്ദേശിച്ചു. 2023 ഓഗസ്റ്റ് 5-നാണ് സൗദി ഹജ്ജ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഗ്രാൻഡ് മോസ്കിൽ കിടന്ന് വിശ്രമിക്കുന്നതും, ഉറങ്ങുന്നതും ഒഴിവാക്കണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം നടപടികൾ ഗ്രാൻഡ് മോസ്‌കിലെ നിബന്ധനകൾക്ക് എതിരാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഗ്രാൻഡ് മോസ്‌കിലെ ഇടനാഴികൾ, പ്രാർത്ഥനാ ഇടങ്ങൾ, അടിയന്തിര ആവശ്യങ്ങൾക്കുള്ള കാർട്ടുകൾക്കും, അംഗപരിമിതർക്കും സഞ്ചരിക്കുന്നതിന് ഒരുക്കിയിട്ടുള്ള ട്രാക്കുകൾ മുതലായ ഇടങ്ങളിൽ ഇരിക്കരുതെന്നും, വിശ്രമിക്കരുതെന്നും അധികൃതർ എടുത്ത് പറഞ്ഞിട്ടുണ്ട്.
പള്ളിയിലെത്തുന്നവർ ആള്‍ക്കൂട്ടത്തിലൂടെ തള്ളിക്കയറുന്നത് ഉൾപ്പടെയുള്ള തെറ്റായ ശീലങ്ങൾ ഒഴിവാക്കേണ്ടതാണെന്ന് മന്ത്രാലയം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.