സൗദി: നിയമാനുസൃതമല്ലാത്ത ഉംറ പെർമിറ്റുകൾ സംബന്ധിച്ച് മന്ത്രാലയം മുന്നറിയിപ്പ് നൽകി

featured GCC News

ഉംറ തീർത്ഥാടനത്തിനായി നിയമാനുസൃതമല്ലാത്ത പെർമിറ്റുകൾ ഉപയോഗിച്ച് കൊണ്ട് മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവർക്ക് ഹജ്ജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകി. മക്കയിലെ ഗ്രാൻഡ് മോസ്‌കിലെത്തുന്നവർക്കുള്ള റിസപ്ഷൻ കേന്ദ്രത്തിലെ പരിശോധനാ നടപടികളിൽ പെർമിറ്റുകളില്ലാതെയും, നിയമാനുസൃതമല്ലാത്ത പെർമിറ്റുകൾ ഉപയോഗിച്ചും തീർത്ഥാടകർ എത്തുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്.

നിയമാനുസൃതമല്ലാത്ത പെർമിറ്റുകൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടികൾ എടുക്കുന്നതിനുള്ള നിർദ്ദേശം ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകിയതായി ഹജ്ജ്, ഉംറ വകുപ്പ് ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദെൽ ഫത്താഹ് ബിൻ സുലൈമാൻ മഷാത് വ്യക്തമാക്കി. ‘Eatmarna’ ആപ്പിലൂടെ മാത്രമാണ് ഔദ്യോഗിക ഉംറ പെർമിറ്റുകൾ അനുവദിക്കുന്നതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. COVID-19 നിയന്ത്രണങ്ങളുടെ ഭാഗമായി തിരക്കൊഴിവാക്കുന്നതിനായി തീർത്ഥാടകർക്ക് വിവിധ സമയക്രമങ്ങൾ പാലിച്ച് കൊണ്ടാണ് ഇത്തരം പെർമിറ്റുകൾ അനുവദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഔദ്യോഗിക ഉംറ പെർമിറ്റുകൾക്കായി ‘Eatmarna’ ആപ്പ് ഉപയോഗിക്കാൻ അദ്ദേഹം തീർത്ഥാടകരോട് ആവശ്യപ്പെട്ടു. നിയമാനുസൃതമല്ലാത്ത പെർമിറ്റുകൾ നൽകുന്ന വ്യാജ സംഘങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക പെർമിറ്റുകൾ ലഭിക്കുന്നവർ മന്ത്രാലയം ഒരുക്കിയിട്ടുള്ള ഗതാഗത സേവനങ്ങൾ മാത്രം ഉപയോഗിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.