മാർബർഗ് വൈറസ്: ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ സൗദി ആരോഗ്യ അധികൃതർ നിർദ്ദേശിച്ചു

Saudi Arabia

മാർബർഗ് വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ എല്ലാ യാത്രികരോടും സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി നിർദ്ദേശം നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മേൽപ്പറഞ്ഞ രാജ്യങ്ങളിലെ മാർബർഗ് വൈറസ് രോഗബാധ നിയന്ത്രണവിധേയമാകുന്നത് വരെ ഇവിടങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാനാണ് അതോറിറ്റി നിർദ്ദേശിച്ചിട്ടുള്ളത്. നിലവിൽ ഈ രാജ്യങ്ങളിലുള്ളവർ സൗദി ആരോഗ്യ മന്ത്രാലയം, സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി എന്നിവർ നൽകുന്ന നിർദേശങ്ങൾ പാലിക്കാനും, ഇരുരാജ്യങ്ങളിലെയും പ്രാദേശിക അധികൃതർ മുന്നോട്ട് വെക്കുന്ന നിബന്ധനകൾ പാലിക്കാനും സൗദി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

രോഗബാധിതരുമായി സമ്പർക്കത്തിനിടയായവർ ഉടൻ തന്നെ സ്വയം ഐസൊലേഷനിൽ തുടരണമെന്നും അതോറിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്ന് സൗദിയിലെത്തുന്നവർ, രാജ്യത്ത് പ്രവേശിച്ച ശേഷം 21 ദിവസം വരെയുള്ള കാലയളവിൽ ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന സാഹചര്യത്തിൽ ഉടൻ തന്നെ സ്വയം ഐസൊലേഷനിൽ തുടരേണ്ടതാണ്. ഇവർ 937 എന്ന നമ്പറിൽ സൗദി ആരോഗ്യ മന്ത്രാലയത്തെ ബന്ധപ്പെടേണ്ടതാണ്.

മാർബർഗ് വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ കഴിയുന്നതും ഒഴിവാക്കാൻ പൗരന്മാരോടും, പ്രവാസികളോടും ഒമാൻ ആരോഗ്യ മന്ത്രാലയം നേരത്തെ നിർദ്ദേശം നൽകിയിട്ടുണ്ട്.

ആഗോളതലത്തിലും, പ്രാദേശികതലത്തിലുമുള്ള മാർബർഗ് വൈറസ് രോഗബാധ സംബന്ധിച്ച സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ച് വരുന്നതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു.

ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ കഴിയുന്നതും ഒഴിവാക്കാൻ യു എ ഇ വിദേശകാര്യമന്ത്രാലയം പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.