യു എ ഇ: ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശം

GCC News

മാർബർഗ് വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ കഴിയുന്നതും ഒഴിവാക്കാൻ യു എ ഇ വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകി. നിലവിൽ യു എ ഇ പൗരന്മാർക്കാണ് ഈ നിർദ്ദേശം ബാധകമാക്കിയിരിക്കുന്നത്.

2023 ഏപ്രിൽ 1-നാണ് യു എ ഇ വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. പൊതുസമൂഹത്തിലെ ആരോഗ്യ സുരക്ഷ മുൻനിർത്തിയാണ് മന്ത്രാലയം ഇത്തരം ഒരു നിർദ്ദേശം നൽകിയിരിക്കുന്നത്.

ഈ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവെക്കാൻ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

മാർബർഗ് വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ കഴിയുന്നതും ഒഴിവാക്കാൻ പൗരന്മാരോടും, പ്രവാസികളോടും ഒമാൻ ആരോഗ്യ മന്ത്രാലയം നേരത്തെ നിർദ്ദേശം നൽകിയിട്ടുണ്ട്.

ആഗോളതലത്തിലും, പ്രാദേശികതലത്തിലുമുള്ള മാർബർഗ് വൈറസ് രോഗബാധ സംബന്ധിച്ച സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ച് വരുന്നതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു.