ഖത്തർ: സന്ദർശകരെ സ്വീകരിക്കാൻ എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ വേദി ഒരുങ്ങി

featured GCC News

എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷനിൽ പങ്കെടുക്കാനെത്തുന്ന സന്ദർശകരെ വരവേൽക്കുന്നതിനായി എക്സ്പോ വേദി ഒരുങ്ങിയതായി സംഘാടക കമ്മിറ്റി അറിയിച്ചു. 2023 സെപ്റ്റംബർ 26-ന് ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

179 ദിവസം നീണ്ട് നിൽക്കുന്ന എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ 2023 ഒക്ടോബർ 2-നാണ് ആരംഭിക്കുന്നത്. എക്സ്പോ 2023 ദോഹയിൽ പങ്കെടുക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂന്ന് ദശലക്ഷത്തിലധികം സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇവരെ വരവേൽക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായും, പങ്കെടുക്കുന്ന രാജ്യങ്ങളുടെ പവലിയനുകൾ ഒരുക്കുന്നതിനുള്ള വേദി ഒരുങ്ങിയതായും എക്സ്പോ 2023 ഓർഗനൈസിംഗ് കമ്മിറ്റി അറിയിച്ചു. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള സംസ്കാരങ്ങളെ അടുത്തറിയുന്നതിനും, അതിമനോഹരമായി ഒരുക്കിയിട്ടുള്ള പൂന്തോട്ടങ്ങൾ ആസ്വദിക്കുന്നതിനും എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ സന്ദർശകർക്ക് അവസരമൊരുക്കുമെന്ന് കമ്മിറ്റി കൂട്ടിച്ചേർത്തു.

പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ വെച്ച് സംഘടിപ്പിക്കുന്ന ഏറ്റവും വലുതും, ആദ്യത്തെയുമായ ഹോർട്ടികൾച്ചറൽ എക്സിബിഷനാണിത്. 2020-ൽ നടക്കേണ്ടിയിരുന്ന ഈ ഹോർട്ടികൾച്ചറൽ എക്സിബിഷൻ COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ നീട്ടിവെക്കുകയായിരുന്നു.

2023 ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെയാണ് എക്സ്പോ 2023 ദോഹ സംഘടിപ്പിക്കുന്നത്. അൽ ബിദ്ദ പാർക്കിൽ വെച്ചാണ് ഈ പ്രദർശനം ഒരുക്കുന്നത്.

‘ഹരിത മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി’ എന്ന ആശയത്തിലൂന്നിയാണ് എക്സ്പോ 2023 ദോഹ സംഘടിപ്പിക്കുന്നത്. മരുഭൂവത്കരണം, സുസ്ഥിരത തുടങ്ങിയ മേഖലകളിൽ മരുഭൂരാജ്യങ്ങൾ അഭിമുഖീകരിക്കുന്ന വിവിധ വെല്ലുവിളികൾ ഈ പ്രദർശനത്തിൽ പരിശോധിക്കുന്നതാണ്.

കാർഷിക മേഖല ശക്തിപ്പെടുത്തുന്നതിനും, ഹരിത നഗരങ്ങൾ സൃഷ്ടിക്കുന്നതിനും ഖത്തറിനും, പശ്ചിമേഷ്യന്‍ പ്രദേശങ്ങള്‍ക്കും നടപ്പിലാക്കാവുന്ന വിവിധ പരിഹാരങ്ങൾ ഈ പ്രദർശനം മുന്നോട്ട് വെക്കുന്നതാണ്.

Cover Image: Qatar News Agency.