ഖത്തർ: എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ ഒക്ടോബർ 2-ന് ആരംഭിക്കും

featured Qatar

179 ദിവസം നീണ്ട് നിൽക്കുന്ന എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ ഒക്ടോബർ 2-ന് ആരംഭിക്കും. ഈ പ്രദർശനത്തിനായി ഖത്തർ ഒരുങ്ങിയതായി എക്സ്പോ 2023 ദോഹ സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഖൗരി അറിയിച്ചു.

എക്സ്പോ 2023 ദോഹ ഒരു വിജയമാക്കുന്നതിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായും, പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ വെച്ച് സംഘടിപ്പിക്കുന്ന ഏറ്റവും വലുതും, ആദ്യത്തെയുമായ ഹോർട്ടികൾച്ചറൽ എക്സിബിഷൻ സമ്പൂർണ്ണ വിജയമായിരിക്കുമെന്നും പ്രാദേശിക മാധ്യമങ്ങൾക്ക് നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. 2020-ൽ നടക്കേണ്ടിയിരുന്ന ഈ ഹോർട്ടികൾച്ചറൽ എക്സിബിഷൻ COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ നീട്ടിവെക്കുകയായിരുന്നു.

2023 ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെയാണ് എക്സ്പോ 2023 ദോഹ സംഘടിപ്പിക്കുന്നത്. അൽ ബിദ്ദ പാർക്കിൽ വെച്ചാണ് ഈ പ്രദർശനം ഒരുക്കുന്നത്.

ഇതിന്റെ ഭാഗമായി അൽ ബിദ്ദ പാർക്കിനെ ഇന്റർനാഷണൽ സോൺ, ഫാമിലി സോൺ, കൾച്ചറൽ സോൺ എന്നിങ്ങനെ മൂന്ന് മേഖലകളാക്കി തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബങ്ങൾക്കും, കുട്ടികൾക്കും, സന്ദർശകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന നിരവധി പരിപാടികൾ ഈ മൂന്ന് മേഖലകളിലായി അരങ്ങേറുന്നതാണ്.

‘ഹരിത മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി’ എന്ന ആശയത്തിലൂന്നിയാണ് എക്സ്പോ 2023 ദോഹ സംഘടിപ്പിക്കുന്നത്. മരുഭൂവത്കരണം, സുസ്ഥിരത തുടങ്ങിയ മേഖലകളിൽ മരുഭൂരാജ്യങ്ങൾ അഭിമുഖീകരിക്കുന്ന വിവിധ വെല്ലുവിളികൾ ഈ പ്രദർശനത്തിൽ പരിശോധിക്കുന്നതാണ്. കാർഷിക മേഖല ശക്തിപ്പെടുത്തുന്നതിനും, ഹരിത നഗരങ്ങൾ സൃഷ്ടിക്കുന്നതിനും ഖത്തറിനും, പശ്ചിമേഷ്യന്‍ പ്രദേശങ്ങള്‍ക്കും നടപ്പിലാക്കാവുന്ന വിവിധ പരിഹാരങ്ങൾ ഈ പ്രദർശനം മുന്നോട്ട് വെക്കുന്നതാണ്.

ആധുനിക കാർഷിക രീതികൾ, സാങ്കേതികവിദ്യകൾ, പരിസ്ഥിതി അവബോധം, സുസ്ഥിരത എന്നീ ആശയങ്ങളെ സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്ന രീതിയിലാണ് എക്സ്പോ 2023 ദോഹ ഒരുക്കുന്നത്. ആറ് മാസം നീണ്ട് നിൽക്കുന്ന എക്സ്പോ 2023 ദോഹയിൽ പങ്കെടുക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂന്ന് ദശലക്ഷത്തിലധികം സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Cover Image: https://www.dohaexpo2023.gov.qa/