യു എ ഇ: ഏതാനം പൊതു ഇടങ്ങളിൽ മാസ്കുകൾ നിർബന്ധമല്ലെന്ന് NCEMA

featured GCC News

രാജ്യത്തെ ഏതാനം പൊതു ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമാക്കാതിരിക്കാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. അധികൃതർ പ്രത്യേകമായി നിശ്ചയിച്ചിട്ടുള്ള പൊതു ഇടങ്ങളിൽ മാത്രമാണ് മാസ്കുകളുടെ ഉപയോഗം ഒഴിവാക്കുന്നത്.

യു എ ഇ ആരോഗ്യ വകുപ്പുമായി ചേർന്നാണ് NCEMA ഇക്കാര്യം തീരുമാനിച്ചിരിക്കുന്നത്. മാസ്കുകൾ ഒഴിവാക്കാൻ അനുവദിക്കുന്ന ഇത്തരത്തിലുള്ള പ്രത്യേക പൊതു ഇടങ്ങളിൽ വ്യക്തികൾ തമ്മിൽ മുഴുവൻ സമയവും നിർബന്ധമായും 2 മീറ്ററെങ്കിലും സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്. സെപ്റ്റംബർ 22, ബുധനാഴ്ച്ച ഉച്ചയ്ക്കാണ് NCEMA ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം യു എ ഇയിൽ താഴെ പറയുന്ന പൊതു ഇടങ്ങളിലാണ് മാസ്കുകളുടെ ഉപയോഗം ഒഴിവാക്കിയിരിക്കുന്നത്:

  • പൊതു ഇടങ്ങളിൽ വ്യായാമം ചെയ്യുന്നവർക്ക് മാസ്ക് ഒഴിവാക്കിയിട്ടുണ്ട്.
  • ഒരു കുടുംബത്തിൽ നിന്നുള്ളവർ തങ്ങളുടെ സ്വകാര്യ വാഹനങ്ങളിൽ ഒരുമിച്ച് യാത്ര ചെയ്യുന്ന അവസരത്തിൽ മാസ്ക് ഒഴിവാക്കാവുന്നതാണ്.
  • സിമ്മിങ്ങ് പൂൾ, ബീച്ച് എന്നിവിടങ്ങൾ സന്ദർശിക്കുന്നവർക്ക് മാസ്ക് ഒഴിവാക്കാവുന്നതാണ്.
  • ഒരു വ്യക്തി മാത്രമായി അടച്ചിട്ട ഇടങ്ങളിൽ ഇരിക്കുന്ന അവസരത്തിൽ മാസ്ക് ഒഴിവാക്കാവുന്നതാണ്.
  • സലൂൺ, ബ്യൂട്ടി സെന്ററുകൾ എന്നിവിടങ്ങളിൽ സേവനങ്ങൾ നേടുന്ന സമയം മാസ്കുകൾ ഒഴിവാക്കാൻ അനുമതി നൽകിയിട്ടുണ്ട്.
  • മെഡിക്കൽ സെന്ററുകളിലെത്തുന്ന രോഗികളെ പരിശോധിക്കുന്ന അവസരത്തിലും, അവർക്ക് ചികിത്സ നൽകുന്ന അവസരത്തിലും ആവശ്യമെങ്കിൽ മാസ്ക് ഒഴിവാക്കാൻ അനുമതിയുണ്ട്.

ഇത്തരത്തിൽ മാസ്കുകൾ ഒഴിവാക്കാവുന്ന ഇടങ്ങളിൽ അധികൃതർ ഇത് സംബന്ധിച്ച് പ്രത്യേക അടയാളങ്ങൾ പതിപ്പിക്കുന്നതാണ്. യു എ ഇയിലെ മറ്റെല്ലാ ഇടങ്ങളിലും മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ മാസ്കുകൾ വളരെവലിയ പങ്ക് വഹിക്കുന്നതായി NCEMA ചൂണ്ടിക്കാട്ടി.

രാജ്യത്തെ ദിനംപ്രതിയുള്ള COVID-19 രോഗബാധിതരുടെ എണ്ണം കുറഞ്ഞതും, ഏതാണ്ട് 92 ശതമാനം പേർക്കും ഒരുഡോസ് വാക്സിൻ നൽകിയതും കണക്കിലെടുത്താണ് രാജ്യത്തെ ഏതാനം ഇടങ്ങളിൽ മാസ്കുകൾ ഒഴിവാക്കാൻ അധികൃതർ അനുമതി നൽകിയത്.