സൗദി അറേബ്യ: മാർച്ച് 16 വരെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

featured GCC News

രാജ്യത്തിന്റ വിവിധ മേഖലകളിൽ 2023 മാർച്ച് 16, വ്യാഴാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 മാർച്ച് 10-നാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, 2023 മാർച്ച് 12 മുതൽ മാർച്ച് 16 വരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടികാട്ടിയിട്ടുണ്ട്. അസിർ, അൽ ബാഹ, ഹൈൽ, അൽ ഖാസിം, നജ്‌റാൻ, ജസാൻ, റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ്, മക്കയുടെ വിവിധ പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഈ കാലയളവിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഈ ഇടങ്ങളിൽ ഇതോടൊപ്പം അമ്പത് കിലോമീറ്റർ വരെ വേഗതയുള്ള മണൽക്കാറ്റ് അടിക്കുന്നതിനും, വെള്ളത്തിന്റെ കുത്തൊഴുക്ക് ഉണ്ടാകാനിടയുള്ള മഴ പെയ്യുന്നതിനും, ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുണ്ട്. മക്ക, റിയാദ്, അൽ ജൗഫ്, നോർത്തേൺ ബോർഡർസ് മേഖല, മദീനയുടെ വിവിധ പ്രദേശങ്ങൾ, ഈസ്റ്റേൺ പ്രൊവിൻസ്, അൽ ഖാസിം മുതലായ ഇടങ്ങളിൽ സാമാന്യം ശക്തമായ മഴ, അമ്പത് കിലോമീറ്റർ വരെ വേഗതയുള്ള മണൽക്കാറ്റ്, പെട്ടന്നുള്ള വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ട്.

Cover Image: Saudi Press Agency.