ഖത്തർ: എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ സന്ദർശകർക്കായി ഹയ്യ കാർഡുകൾ പ്രയോഗക്ഷമമാക്കുന്നു

featured GCC News

എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷനിൽ പങ്കെടുക്കാനെത്തുന്ന സന്ദർശകരെ വരവേൽക്കുന്നതിനായി ഹയ്യ കാർഡുകളുടെ സേവനം പ്രയോഗക്ഷമമാക്കുന്നതായി ഖത്തർ അധികൃതർ അറിയിച്ചു.

ദോഹ എക്സ്പോ 2023 സംഘടിപ്പിക്കുന്നതിനുള്ള ചുമതലയുള്ള നാഷണൽ കമ്മിറ്റിയുടെ സെക്രട്ടറി ജനറൽ മുഹമ്മദ് അലി അൽ ഖൗരി 2023 ഓഗസ്റ്റ് 14-ന് നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏതാനം നിബന്ധനകൾക്ക് വിധേയമായാണ് എക്സ്പോ 2023 ദോഹ സന്ദർശകർക്ക് ഹയ്യ കാർഡുകൾ പ്രയോഗക്ഷമമാക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരുംദിനങ്ങളിൽ പുറത്ത് വിടുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. എക്സ്പോ 2023 ദോഹയിൽ പങ്കെടുക്കാനെത്തുന്നവർ ഈ വ്യവസ്ഥകൾ യാത്രയ്ക്ക് മുൻപായി മുൻകൂട്ടി മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

179 ദിവസം നീണ്ട് നിൽക്കുന്ന എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷനായി ഒരുങ്ങിയതായി എക്സ്പോ 2023 ദോഹ സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഖൗരി നേരത്തെ അറിയിച്ചിരുന്നു.

2020-ൽ നടക്കേണ്ടിയിരുന്ന ഈ ഹോർട്ടികൾച്ചറൽ എക്സിബിഷൻ COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ നീട്ടിവെക്കുകയായിരുന്നു.

2023 ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെയാണ് എക്സ്പോ 2023 ദോഹ സംഘടിപ്പിക്കുന്നത്. അൽ ബിദ്ദ പാർക്കിൽ വെച്ചാണ് ഈ പ്രദർശനം ഒരുക്കുന്നത്.

ആധുനിക കാർഷിക രീതികൾ, സാങ്കേതികവിദ്യകൾ, പരിസ്ഥിതി അവബോധം, സുസ്ഥിരത എന്നീ ആശയങ്ങളെ സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്ന രീതിയിലാണ് എക്സ്പോ 2023 ദോഹ ഒരുക്കുന്നത്. ആറ് മാസം നീണ്ട് നിൽക്കുന്ന എക്സ്പോ 2023 ദോഹയിൽ പങ്കെടുക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂന്ന് ദശലക്ഷത്തിലധികം സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Cover Image: @Expo2023Doha [File photo from 32nd edition of the Doha International Book Fair.]