വാക്സിൻ സംബന്ധമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കാൻ സൗദി ആരോഗ്യ വകുപ്പ് മന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു

featured GCC News

കൊറോണ വൈറസ് വാക്സിൻ സംബന്ധമായ കിംവദന്തികളും, തെറ്റായ വിവരങ്ങളും സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിൽ രാജ്യത്തെ ഏതാനം ആളുകൾ പ്രകടമാക്കുന്ന പ്രവണതയിൽ സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ ദുഃഖം രേഖപ്പെടുത്തി. ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് ജനങ്ങൾ വിട്ടുനിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഫെബ്രുവരി 23-ന് പുറത്തിറക്കിയ ഒരു ബോധവത്‌കരണ വീഡിയോ ദൃശ്യത്തിലാണ് അദ്ദേഹം ഇത് സംബന്ധിച്ച ആശങ്ക പങ്ക് വെച്ചത്. COVID-19 വാക്സിൻ സംബന്ധിച്ച് സൗദിയിലെ പൊതുസമൂഹത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ ഈ വീഡിയോ ദൃശ്യത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

“രാജ്യത്ത് പ്രകടമാകുന്ന ഇത്തരം പ്രവണതകൾ തീർത്തും നിരാശ ജനിപ്പിക്കുന്നതാണ്. ഇത്തരം പ്രവണതകൾ വലിയ മനോവിഷമം ഉണ്ടാക്കുന്നു. നിങ്ങൾ ഏറ്റവും സ്നേഹിക്കുന്നവർക്ക് രോഗബാധയേൽക്കുന്നതിന്, നിങ്ങൾ നേടുന്ന തെറ്റായ ധാരണകൾ കാരണമാകരുതെന്ന് ഞങ്ങൾ ആവർത്തിക്കുന്നു. പൊതുസമൂഹത്തിന്റെ മുഴുവൻ സുരക്ഷയ്ക്കായി ഇന്ന് തന്നെ COVID-19 വാക്സിൻ സ്വീകരിക്കുന്നതിന് രെജിസ്റ്റർ ചെയ്യാൻ മുഴുവൻ ജനങ്ങളെയും സ്വാഗതം ചെയ്യുന്നു.”, അദ്ദേഹം വ്യക്തമാക്കി.

കൊറോണ വൈറസ് വാക്സിൻ പാർശ്വഫലങ്ങൾക്കിടയാക്കുമെന്നും മറ്റുമുള്ള തെറ്റായ വിവരങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിക്കുന്നത് ഈ വീഡിയോ ദൃശ്യത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങളിൽ നിന്ന് വിട്ട് നിൽക്കണമെന്ന് മന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.