രാജ്യത്തെ COVID-19 പ്രതിരോധ നിർദ്ദേശങ്ങളിലെ ലംഘനങ്ങളുമായി ബന്ധപ്പെട്ട് പുതിയ പിഴതുകകൾ നിശ്ചയിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈദുൽ ഫിത്റുമായി ബന്ധപ്പെട്ട് സമൂഹത്തിലെ COVID-19 സുരക്ഷാ നിബന്ധനകൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
പൊതു ഇടങ്ങളിലും മറ്റും ആളുകൾ കൂട്ടം ചേരുന്നത് നിയന്ത്രിക്കുന്നതിനും, അതിലൂടെ COVID-19 വ്യാപനം തടയുന്നതിനും ലക്ഷ്യമിട്ട് മന്ത്രാലയം കഴിഞ്ഞ വർഷം പുറത്തിറക്കിയിട്ടുള്ള നിയന്ത്രണങ്ങളുടെ തുടർച്ചയായാണ് ഈ പുതിയ നടപടികളെന്ന് അധികൃതർ വ്യക്തമാക്കി.
സൗദിയിൽ സാമൂഹിക ഒത്ത് ചേരലുകൾ സംഘടിപ്പിക്കുന്നവർക്കുള്ള വിവിധ പിഴ ശിക്ഷകൾ:
- വീടുകൾ, ഫാം മുതലായ ഇടങ്ങളിൽ അനുവദിക്കപ്പെട്ടിട്ടുള്ളതിലധികം പേരെ പങ്കെടുപ്പിച്ച് കൊണ്ട് കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കുന്നവർക്ക് 10000 റിയാൽ പിഴ.
- വീടുകൾ, ഫാം, ക്യാമ്പുകൾ, തുറന്ന ഇടങ്ങൾ എന്നിവിടങ്ങളിൽ ഒരു കുടുംബത്തിൽ നിന്നുള്ളവരല്ലാത്തവരെ പങ്കെടുപ്പിച്ച് കൊണ്ട് ഒത്ത്ചേരലുകൾ, ആഘോഷങ്ങൾ എന്നിവ സംഘടിപ്പിക്കുന്നവർക്ക് 15000 റിയാൽ പിഴ.
- ശവസംസ്കാര ചടങ്ങുകൾ, വിരുന്നുകൾ തുടങ്ങിയ സാമൂഹിക ചടങ്ങുകളിൽ പരമാവധി അനുവദിച്ചിട്ടുള്ളതിലധികം പേരെ പങ്കെടുപ്പിക്കുന്നവർക്ക് 40000 റിയാൽ പിഴ.
- വീടുകൾ, നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടങ്ങൾ, റസ്റ്റ് ഹൗസുകൾ, ഫാം തുടങ്ങിയ ഇടങ്ങളിൽ, അതാത് വീടുകളിലുള്ളവരല്ലാതെ അഞ്ച് പേരിൽ കൂടുതൽ തൊഴിലാളികൾ ഒത്ത് ചേരാനിടയാക്കുന്നവർക്ക് 50000 റിയാൽ പിഴ.
COVID-19 പ്രതിരോധ നടപടികൾ ലംഘിക്കുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ചുമത്തുന്ന പിഴതുകകൾ:
ജീവനക്കാരുടെ ആരോഗ്യ സ്ഥിതി കൃത്യമായി നിരീക്ഷിക്കുക, ജീവനക്കാർക്കിടയിൽ മാസ്കുകളുടെ ഉപയോഗം കർശനമായി നടപ്പിലാക്കുക, ജീവനക്കാർക്ക് ആവശ്യമായ സാനിറ്റൈസർ, അണുനാശിനികൾ എന്നിവ ഉറപ്പാക്കുക, ജീവനക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കുക തുടങ്ങിയ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് താഴെ പറയുന്ന രീതിയിലാണ് പിഴ ചുമത്തുന്നത്.
- ഒന്ന് മുതൽ അഞ്ച് ജീവനക്കാർ വരെയുള്ള സ്ഥാപനങ്ങൾക്ക് 10000 റിയാൽ പിഴ. ഇത്തരം സ്ഥാപനങ്ങൾ അഞ്ച് ദിവസത്തേക്ക് അടച്ചിടുന്നതാണ്.
- 6- 49 ജീവനക്കാർ വരെയുള്ള സ്ഥാപനങ്ങൾക്ക് 20000 റിയാൽ പിഴ. ഇത്തരം സ്ഥാപനങ്ങൾ അഞ്ച് ദിവസത്തേക്ക് അടച്ചിടുന്നതാണ്.
- 50–249 ജീവനക്കാർ വരെയുള്ള സ്ഥാപനങ്ങൾക്ക് 50000 റിയാൽ പിഴ. ഇത്തരം സ്ഥാപനങ്ങൾ അഞ്ച് ദിവസത്തേക്ക് അടച്ചിടുന്നതാണ്.
- 250-ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് 100000 റിയാൽ പിഴ. ഇത്തരം സ്ഥാപനങ്ങൾ അഞ്ച് ദിവസത്തേക്ക് അടച്ചിടുന്നതാണ്.
നിയമലംഘനങ്ങൾ ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇരട്ടി പിഴ ചുമത്തുന്നതാണ്. ഇത്തരം സ്ഥാപനങ്ങൾ ആറ് മാസം വരെ അടച്ചിടേണ്ടി വരുന്നതാണ്. രണ്ട് തവണ ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ചുമതലയുള്ളവർക്ക് പബ്ലിക് പ്രോസിക്യൂഷൻ തലത്തിലുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
COVID-19 നിയമങ്ങൾ മറികടക്കുന്ന വ്യക്തികൾക്കുള്ള പിഴതുകകൾ:
- രാജ്യത്തെ COVID-19 സുരക്ഷാ നിയമങ്ങൾ മറികടക്കുന്ന വ്യക്തികൾക്ക് 1000 റിയാൽ പിഴ ചുമത്തും. ഇത്തരം ലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തുന്നതാണ്.
- പെർമിറ്റ് കൂടാതെ ഹറം പള്ളിയിൽ പ്രാർത്ഥനകൾ നിർവഹിക്കാൻ ശ്രമിക്കുന്നവർക്ക് 1000 റിയാൽ പിഴ ചുമത്തും.
- നിയമവിധേയമല്ലാത്ത ഒത്ത്ചേരലുകളിൽ പങ്കെടുക്കുന്നവർക്ക് 5000 റിയാൽ പിഴ. ഇത്തരം ലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തുന്നതാണ്.
- ഒത്ത്ചേരലുകൾ സംഘടിപ്പിക്കുന്നവർക്ക് 10000 റിയാൽ പിഴ. ഇത്തരം ലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തുന്നതാണ്. ഇവർക്ക് പബ്ലിക് പ്രോസിക്യൂഷൻ തലത്തിലുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.