സൗദി അറേബ്യ: ദേശീയ പതാക ഉപയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി

featured GCC News

ദേശീയ പതാക ഉപയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് സൗദി ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. രാജ്യം ദേശീയ ദിനം ആഘോഷിക്കുന്ന വേളയിലാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

സൗദി ദേശീയ പതാകയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്:

  • നിറം മങ്ങിയതോ, കീറിയതോ ആയ ദേശീയ പതാക ഉയർത്തുന്നത് നിരോധിച്ചിട്ടുണ്ട്. കേടുവന്ന ദേശീയ പതാകകൾ ഉത്തരവാദിത്വപ്പെട്ടവരുടെ നേതൃത്വത്തിൽ നശിപ്പിച്ച് കളയേണ്ടതാണ്.
  • വ്യാപാരമുദ്ര എന്ന രീതിയിലും, വാണിജ്യ പരസ്യങ്ങൾക്ക് വേണ്ടിയും, നിയമം അനുശാസിക്കാത്ത മറ്റു ആവശ്യങ്ങൾക്ക് വേണ്ടിയും രാജ്യത്തിന്റെ ദേശീയ പതാക ഉപയോഗിക്കരുത്.
  • ഒരു വാണിജ്യ ഉത്പന്നം എന്ന രീതിയിലുള്ള സൗദി ദേശീയ പതാകയുടെ എല്ലാ ഉപയോഗങ്ങളും വിലക്കിയിട്ടുണ്ട്.
  • ദേശീയ പതാക കേടുവരാനും, ചളിപിടിക്കാനും സാധ്യതയുള്ള ഇടങ്ങളിൽ പ്രദർശിപ്പിക്കകയോ, സൂക്ഷിക്കുകയോ ചെയ്യരുത്.
  • ദേശീയപതാക പാറിപ്പറക്കുന്നതിന് തടസം ഉണ്ടാകുന്ന രീതിയിൽ അവ ഉയർത്തരുത്.
  • ഏതെങ്കിലും ഒരു വസ്തു ചുമക്കുന്നതിനോ, കെട്ടിവെക്കുന്നതിനോ ദേശീയ പതാക ഉപയോഗിക്കരുത്.
  • ദേശീയ പതാകയിൽ മറ്റു എഴുത്തുകളോ, മുദ്രകളോ, വരകളോ കൂട്ടിച്ചേർക്കരുത്.
  • ദേശീയ പതാകയുടെ അരികുകളിൽ മറ്റു അലങ്കാരപ്പണികൾ ചേർക്കരുത്.
  • ദേശീയ പതാകയ്ക്ക് അവമതിപ്പ് ഉണ്ടാകാനിടയുള്ള രീതിയിൽ അവ ഉപയോഗിക്കരുത്. ഉപയോഗിച്ച ശേഷം കളയാനുള്ള വസ്തുക്കളിൽ ദേശീയ പതാക പ്രിന്റ് ചെയ്യരുത്.
  • യാതൊരു സാഹചര്യത്തിലും സൗദി ദേശീയ പതാക തലകീഴായി പ്രദർശിപ്പിക്കരുത്.
  • ദേശീയ പതാക പകുതി താഴ്ത്തി കെട്ടരുത്.
  • ദേശീയ പതാക പ്രദർശിപ്പിക്കുന്ന അവസരത്തിൽ പതാക അതിന് കീഴെയുള്ള മറ്റു വസ്തുക്കളിൽ സ്പർശിക്കരുത്.
  • മൃഗങ്ങളുടെ ശരീരത്തിൽ ദേശീയ പതാക പുതപ്പിക്കുകയോ, വരയ്ക്കുകയോ ചെയ്യരുത്.