സൗദി: പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് 1000 റിയാൽ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം

featured GCC News

COVID-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി, രാജ്യത്തെ പൊതു ഇടങ്ങളിൽ മാസ്‌കുകൾ ധരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് 1000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. മുഴുവൻ പൊതുസമൂഹത്തിന്റെയും സുരക്ഷ മുൻനിർത്തി മാസ്കുകൾ കൃത്യമായി ഉപയോഗിക്കാൻ മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.

രാജ്യത്തെ COVID-19 സുരക്ഷാ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി മുഴുവൻ പൊതു ഇടങ്ങളിലും മാസ്കുകളുടെ ഉപയോഗം വീണ്ടും നിർബന്ധമാക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം 2021 ഡിസംബർ 29-ന് അറിയിച്ചിരുന്നു. രാജ്യത്തെ ഇൻഡോറിലും, ഔട്ട്ഡോറിലുമുള്ള പൊതു ഇടങ്ങളിൽ 2021 ഡിസംബർ 30 മുതൽ മുഴുവൻ വ്യക്തികൾക്കും മാസ്കുകളുടെ ഉപയോഗം നിർബന്ധമാക്കിയിട്ടുണ്ട്. ഇത്തരം ഇടങ്ങളിൽ സാമൂഹിക അകലം സംബന്ധിച്ച നിർദ്ദേശങ്ങളും ആഭ്യന്തര മന്ത്രാലയം കർശനമാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് മാസ്കുകളുടെ ഉപയോഗത്തിൽ വരുത്തുന്ന വീഴ്ച്ചകൾക്കെതിരെ നിയമനടപടികൾ ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നത് സൗദിയിലെ പകർച്ചവ്യാധികൾ തടയുന്ന നിയമങ്ങൾ പ്രകാരം കുറ്റകരമാണെന്ന് അറിയിച്ച മന്ത്രാലയം, ഇത്തരം ലംഘനങ്ങൾ നടത്തുന്നവർക്ക് 1000 റിയാൽ പിഴ ചുമത്തുമെന്ന് അറിയിച്ചു. ഇത്തരം ലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തുമെന്നും, ഇത്തരത്തിൽ ഒരു ലക്ഷം റിയാൽ വരെ പിഴ തുകയായി ചുമത്തപ്പെടാമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Cover Image: Saudi Press Agency.