സൗദി: മാസ്ക് ധരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു

featured Saudi Arabia

മാസ്ക് ധരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി. COVID-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി, രാജ്യത്തെ പൊതു ഇടങ്ങളിൽ മാസ്‌കുകൾ ധരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് 1000 റിയാൽ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇത്തരം ലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തുമെന്നും, ഇത്തരത്തിൽ ഒരു ലക്ഷം റിയാൽ വരെ പിഴ തുകയായി ചുമത്തപ്പെടാമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 2022 ഫെബ്രുവരി 3-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

പൊതുഇടങ്ങളിൽ മാസ്കുകൾ ഉപയോഗിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നത് COVID-19 പ്രതിരോധ നടപടികളുടെ ലംഘനമായി കണക്കാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. മുഴുവൻ പൊതുസമൂഹത്തിന്റെയും സുരക്ഷ മുൻനിർത്തി മാസ്കുകൾ കൃത്യമായി ഉപയോഗിക്കാനും മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്. മെഡിക്കൽ മാസ്കുകൾ അല്ലെങ്കിൽ തുണി കൊണ്ടുള്ള മാസ്കുകൾ എന്നിവ ഉപയോഗിക്കാമെന്നും, ഇവ മൂക്കും, വായും മറയ്ക്കുന്ന രീതിയിൽ കൃത്യമായി ധരിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ COVID-19 സുരക്ഷാ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി മുഴുവൻ പൊതു ഇടങ്ങളിലും മാസ്കുകളുടെ ഉപയോഗം വീണ്ടും നിർബന്ധമാക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം 2021 ഡിസംബർ 29-ന് അറിയിച്ചിരുന്നു. രാജ്യത്തെ ഇൻഡോറിലും, ഔട്ട്ഡോറിലുമുള്ള പൊതു ഇടങ്ങളിൽ 2021 ഡിസംബർ 30 മുതൽ മുഴുവൻ വ്യക്തികൾക്കും മാസ്കുകളുടെ ഉപയോഗം നിർബന്ധമാക്കിയിട്ടുണ്ട്.