രാജ്യത്ത് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് വലിയ കുറ്റകൃത്യമാണെന്ന് സൗദി ആഭ്യന്തര വകുപ്പ് മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നൈഫ് മുന്നറിയിപ്പ് നൽകി. ഇത്തരക്കാർക്ക് വിവിധ സഹായങ്ങൾ നൽകുന്നതും, ഇവർക്ക് യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതും, വിവിധ സേവനങ്ങൾ നൽകുന്നതും ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“നുഴഞ്ഞ്കയറ്റക്കാർക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകുന്നത് രാജ്യത്തെ നിയമങ്ങളുടെയും, ചട്ടങ്ങളുടെയും ലംഘനമാണ്. ഇത്തരം പ്രവർത്തനങ്ങൾ ഗുരുതര കുറ്റകൃത്യങ്ങളായി കണക്കാക്കുന്നതാണ്.”, അദ്ദേഹം തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം പ്രവർത്തികളെ കർശനമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് അനധികൃതമായി പ്രവേശിക്കുന്ന കുടിയേറ്റക്കാരെയും, നുഴഞ്ഞുകയറ്റക്കാരെയും പ്രോത്സാഹിപ്പിക്കുകയും, അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുന്നവർക്കെതിരെ കർശനമായ നിയമനടപടികളുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരക്കാർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുക, യാത്രാ സഹായങ്ങൾ നൽകുക, താമസസൗകര്യങ്ങൾ ഒരുക്കുക, മറ്റു സേവനങ്ങൾ നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് 15 വർഷം വരെ തടവും, ഒരു മില്യൺ റിയാൽ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഈ ശിക്ഷാനടപടികൾക്ക് പുറമെ, ഇത്തരത്തിൽ നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കുന്നവരെ സഹായിക്കാനുപയോഗിച്ച വാഹനങ്ങൾ, ഇവർക്ക് താമസസൗകര്യങ്ങൾ ഒരുക്കിയ പാർപ്പിടങ്ങൾ എന്നിവ അധികൃതർ പിടിച്ചെടുക്കുന്നതാണ്. റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടു. തങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിബന്ധനകളിലെ വീഴ്ച്ചകളും ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യാൻ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഏതാണ്ട് ഇരുപതിനായിരത്തോളം പേരെയാണ് ജൂൺ 24 മുതൽ ജൂൺ 30 വരെയുള്ള ഒരാഴ്ച്ചയ്ക്കിടയിൽ സൗദി അധികൃതർ അറസ്റ്റ് ചെയ്തത്.