രാജ്യത്തെ ടൂറിസം മേഖലയിലെ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സൗദി അറേബ്യ പുതിയ നയങ്ങൾ പ്രഖ്യാപിച്ചു. 2025 ഒക്ടോബർ 15-നാണ് സൗദി ടൂറിസം മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
تعزيزًا لتوطين الوظائف في القطاع السياحي وتمكين الكفاءات الوطنية، اعتمد معالي وزير السياحة @AhmedAlKhateeb سياسات وقواعد تسجيل العاملين وتوطين الأنشطة في المنشآت السياحية المرخصة، تأكيدًا على التزام الوزارة ببناء قطاع سياحي مستدام.
— المتحدث الرسمي لوزارة السياحة (@SpokespersonMT) October 15, 2025
#وزارة_السياحة #أهلها pic.twitter.com/UABdqmXt7K
ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയിലെ വിനോദസഞ്ചാര മേഖലയിലെ തൊഴിൽ പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടും, ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ രജിസ്ട്രേഷൻ നടപടികളുമായി ബന്ധപ്പെട്ടും സൗദി ടൂറിസം വകുപ്പ് മന്ത്രി H.E. അഹ്മദ് അൽ ഖത്തീബ് ഏതാനം പുതിയ നയങ്ങളും, നിയമങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
സൗദി അറേബ്യയിൽ ഒരു സുസ്ഥിര വിനോദസഞ്ചാര മേഖല കെട്ടിപ്പടുക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പുതിയ നിയമങ്ങൾക്ക് അംഗീകാരം നൽകിയിരിക്കുന്നത്. ഈ പുതിയ നിയമങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങളാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്:
- സൗദി അറേബ്യയിലെ ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും പ്രവർത്തിസമയങ്ങളിൽ മുഴുവൻ സമയവും ഒരു സൗദി റിസപ്ഷനിസ്റ് നിർബന്ധമാണ്.
- ജീവനക്കാരുമായുള്ള എല്ലാ തരത്തിലുള്ള കരാറുകളും അജീർ അല്ലെങ്കിൽ മറ്റു അംഗീകൃത സംവിധാനങ്ങളിലൂടെ രേഖപ്പെടുത്തിയിരിക്കണം.
- ലൈസൻസുള്ള ഒന്നിലധികം ബ്രാഞ്ചുകളുള്ള സ്ഥാപനങ്ങൾ ഓരോ ടൂറിസം ലൈസൻസിന് കീഴിൽ പ്രവർത്തിക്കുന്ന ജീവനക്കാരെയും വെവ്വേറെയായി അതാത് സ്ഥാപന ലൈസൻസ് ഫയലിന് കീഴിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
- സ്വദേശിവത്കരണം സംബന്ധിച്ച നിയന്ത്രണങ്ങളുള്ള തൊഴിൽ പദവികൾ രാജ്യത്തിന് പുറത്തുള്ള വ്യക്തികൾക്കോ, സ്ഥാപനങ്ങൾക്കോ കരാർ അടിസ്ഥാനത്തിൽ നൽകുന്നത് വിലക്കിയിട്ടുണ്ട്. ഇത്തരം തൊഴിലുകൾ സൗദി മിനിസ്ട്രി ഓഫ് ടൂറിസത്തിൽ നിന്ന് ലൈസന്സുള്ളതോ, അല്ലെങ്കിൽ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് സൗദി പൗരന്മാരെ നിയമിക്കുന്നതിന് അനുമതി നൽകിയിട്ടുള്ളതോ ആയ സ്ഥാപനങ്ങൾക്ക് കരാറടിസ്ഥാനത്തിൽ നൽകേണ്ടതാണ്.
വിനോദസഞ്ചാര മേഖലയിലെ തൊഴിലുകൾ വിദേശ തൊഴിലാളികൾക്കോ, സ്ഥാപനങ്ങൾക്കോ നൽകുന്നതിന് വിലക്കേർപ്പെടുത്തിയതായി മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
Cover Image: Saudi Press Agency.

