സൗദി അറേബ്യ: വിമാനങ്ങളിൽ നിന്ന് മോഷ്ടിക്കുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

featured GCC News

വിമാനങ്ങളിൽ നിന്ന് മറ്റു യാത്രികരുടെയും, വിമാനക്കമ്പനിയുടെയും വസ്തുക്കൾ മോഷ്ടിക്കുന്ന യാത്രികർക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. 2022 ജൂൺ 16-നാണ് സൗദി പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, വിമാനത്തിൽ നിന്ന് വിമാനക്കമ്പനിയുടെയോ, മറ്റു യാത്രികരുടെയോ വസ്തുക്കൾ മോഷ്ടിച്ചതിന് പിടിക്കപ്പെടുന്ന വ്യക്തികൾക്ക് അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇതിന് പുറമെ, ഇത്തരം വ്യക്തികൾക്ക് അഞ്ച് ലക്ഷം റിയാൽ വരെ പിഴ ചുമത്താവുന്നതാണെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.

സൗദി അറേബ്യയിലെ സിവിൽ ഏവിയേഷൻ നിയമങ്ങളിലെ ആർട്ടിക്കിൾ 154 പ്രകാരം വിമാനത്തിൽ നിന്ന് വിമാനക്കമ്പനിയുടെയോ, മറ്റു യാത്രികരുടെയോ വസ്തുക്കൾ മോഷ്ടിക്കാൻ ശ്രമിക്കുന്നത് അറസ്റ്റ് ചെയ്യുന്നതിലേക്കും, നിയമനടപടികളിലേക്കും നയിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.