രാജ്യത്ത് അനധികൃതമായി സ്‌ഫോടകവസ്തുക്കളും, കരിമരുന്ന് ഉത്പന്നങ്ങളും കൈവശം സൂക്ഷിക്കുന്നതും, ഉത്പാദിപ്പിക്കുന്നതും തടവും, പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. 2023 ഏപ്രിൽ 22-നാണ് സൗദി പബ്ലിക് പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം സൗദി ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേക പെർമിറ്റുകൾ കൂടാതെ സ്‌ഫോടകവസ്തുക്കളും, കരിമരുന്ന് ഉത്പന്നങ്ങളും ഉത്പാദിപ്പിക്കുന്നതും, കൈവശം സൂക്ഷിക്കുന്നതും, വിപണനം ചെയ്യുന്നതും, കയറ്റുമതി/ ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.
അനധികൃതമായി സ്‌ഫോടകവസ്തുക്കളും, കരിമരുന്ന് ഉത്പന്നങ്ങളും വിൽക്കുന്നവർക്കും, നിർമ്മിക്കുന്നവർക്കും, ഇത്തരം ഉത്പന്നങ്ങൾ സൗദി അറേബ്യയിലേക്ക് കള്ളക്കടത്തു നടത്തുന്നവർക്കും ചുരുങ്ങിയത് 6 മാസം തടവും, ഒരു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്. സൗദി അറേബ്യയിലെ എക്സ്പ്ലോസീവ്സ് ആൻഡ് ഫയർവർക്സ് നിയമങ്ങൾ അനുസരിച്ചാണിത്.
കരിമരുന്ന് ഉത്പന്നങ്ങൾ പൊതുസമൂഹത്തിനും, പരിസ്ഥിതിയ്ക്കും ഒരു പോലെ അപകടങ്ങൾ ഉയർത്തുന്നവയാണെന്നും, അതിനാൽ തന്നെ അനുമതിയില്ലാതെ ഇവ ഉപയോഗിക്കുന്നതിന് സൗദി അറേബ്യയിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നും പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Cover Image: Pixabay.