വ്യാജ കറൻസി നോട്ടുകൾ നിർമ്മിക്കുന്നവർക്കും, കറൻസി നോട്ടുകൾ കേടുവരുത്തുന്നവർക്കും നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കറൻസി നോട്ടുകളിൽ വിവിധ രാസവസ്തുക്കൾ ഉപയോഗിച്ച് കൊണ്ട് മാറ്റം വരുത്തുക, കറൻസി നോട്ടുകൾ കീറുക, നോട്ടുകൾ വികൃതമാക്കുക തുടങ്ങിയ പ്രവർത്തികളിൽ നിന്ന് വിട്ട് നിൽക്കാൻ സൗദി പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവർത്തികളിലേർപ്പെടുന്നവർക്ക് മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും, പതിനായിരം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
രാജ്യത്ത് വ്യാജ കറൻസി നോട്ടുകൾ നിർമ്മിക്കുന്നവർക്ക് 25 വർഷം തടവും, അഞ്ച് ലക്ഷം റിയാൽ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.