രാജ്യത്ത് തെറ്റായ വാർത്തകളും, കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. പൊതുസമൂഹത്തിലെ സമാധാനം തകരുന്നതിന് ഇടയാക്കുന്ന എല്ലാത്തരത്തിലുള്ള അസത്യപ്രചാരണങ്ങളും സൗദി അറേബ്യയിൽ ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുന്നതാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ അറസ്റ്റ് ചെയ്യുമെന്നും, ഇവർക്കെതിരെ കനത്ത പിഴ ഉൾപ്പടെയുള്ള ശിക്ഷാനടപടികൾ ചുമത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. 2022 ജനുവരി 17-ന് വൈകീട്ടാണ് സൗദി പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
വിവരസാങ്കേതികവിദ്യകളുടെ ദുരുപയോഗം തടയുന്നതിനുള്ള നിയമങ്ങൾ പ്രകാരവും, ക്രിമിനൽ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ പ്രകാരവും സൗദിയിൽ സമൂഹമാധ്യമങ്ങളിലുൾപ്പടെ നുണപ്രചാരണങ്ങൾ, തെറ്റായ വിവരങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുന്ന വ്യക്തികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്. സൗദിയ്ക്കെതിരായി വിദേശരാജ്യങ്ങളിൽ നിന്ന് പ്രവർത്തിക്കുന്ന സ്രോതസ്സുകൾ പുറത്തിറക്കുന്ന വ്യാജപ്രചാരണങ്ങൾ രാജ്യത്ത് പ്രസിദ്ധീകരിക്കുന്നത് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്നും പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
ഇത്തരം വ്യാജപ്രചാരണങ്ങളിൽ ഏർപ്പെടുന്നവർക്ക് 3 ദശലക്ഷം റിയാൽ പിഴയും അഞ്ച് വർഷം വരെ തടവും ശിക്ഷയായി ലഭിക്കാമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രചാരണത്തിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ അധികൃതർ പിടിച്ചെടുക്കുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
അടുത്തിടെ റിയാദ് സീസണിലെ ഒരു സംഗീത പരിപാടി മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പബ്ലിക് പ്രോസിക്യൂഷൻ ഇത്തരം ഒരു അറിയിപ്പ് പുറത്തിറക്കിയത്. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന കിംവദന്തികൾക്ക് പിറകിൽ വിദേശരാജ്യങ്ങളിലെ സ്രോതസ്സുകളാണ് പ്രവർത്തിച്ചിരുന്നതെന്ന് സൗദി അധികൃതർ കണ്ടെത്തിയിരുന്നു.