രാജ്യത്തെ നിരത്തുകളിൽ അമിത വേഗത്തിൽ വാഹനമോടിക്കുന്നവർക്ക് അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ ക്രിമിനൽ വകുപ്പ് പ്രകാരമുള്ള നടപടികൾ കൈക്കൊള്ളുമെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.
പൊതു സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ട്രാഫിക് നിയമലംഘങ്ങൾക്കെതിരെ നടപടികൾ കർശനമാക്കുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. പരമാവധി 140 കിലോമീറ്റർ വേഗത അനുവദിച്ചിട്ടുള്ള ഹൈവേകളിൽ അനുവദിച്ചതിലും 30 കിലോമീറ്റർ അധിക വേഗതയിൽ വാഹനമോടിക്കുന്നതും, പരമാവധി 140 കിലോമീറ്റർ വേഗത അനുവദിച്ചിട്ടുള്ള റോഡുകളിൽ അനുവദിച്ചതിലും 50 കിലോമീറ്റർ അധിക വേഗതയിൽ വാഹനമോടിക്കുന്നതും ഇത്തരത്തിൽ അമിത വേഗതയുടെ ലംഘനമായി കണക്കാക്കുന്നതാണ്.
ട്രാഫിക് സുരക്ഷ കർശനമായി ഉറപ്പ് വരുത്തുന്നത് രാജ്യത്തെ നിയമ സംവിധാനങ്ങളുടെ ചുമതലയാണെന്നും, ഡ്രൈവറുടെ റോഡിലെ പെരുമാറ്റങ്ങൾ ഉത്തരവാദിത്വത്തോടെ ആയിരിക്കണമെന്നത് നിയമം നിഷ്കർഷിക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.