റിയാദ് – ദോഹ അതിവേഗ ഇലക്ട്രിക് റെയിൽ പദ്ധതി ആരംഭിക്കുന്നതിനുള്ള കരാറിൽ ഒപ്പ് വെച്ചു

featured GCC News

റിയാദ് – ദോഹ അതിവേഗ ഇലക്ട്രിക് റെയിൽ പദ്ധതി ആരംഭിക്കുന്നതിനുള്ള കരാറിൽ സൗദി അറേബ്യയും, ഖത്തറും ഒപ്പ് വെച്ചു. 2025 ഡിസംബർ 8-ന് സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മേഖലയിലെ സംയോജിത ചരക്ക് നീക്കം, സാമ്പത്തിക ഏകീകരണം എന്നിവ ശക്തിപ്പെടുത്തുന്ന ഒരു പദ്ധതിയാണിത്. വാർഷികാടിസ്ഥാനത്തിൽ ഏതാണ്ട് പത്ത് ദശലക്ഷം യാത്രികർക്ക് ഈ പദ്ധതി ഉപയോഗപ്പെടുമെന്നാണ് കരുതുന്നത്.

ദമാം, അൽ ഹൊഫുഫ് എന്നീ നഗരങ്ങളിലൂടെ റിയാദ്, ദോഹ എന്നിവയെ ബന്ധിപ്പിക്കുന്നതിനാണ് ഈ റെയിൽ ശൃംഖല ലക്ഷ്യമിടുന്നത്. വിനോദസഞ്ചാരം, വാണിജ്യം എന്നീ മേഖലകൾക്ക് കൂടുതൽ ഉണർവേകുന്നതിനും, ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാകുന്നതിനും ഈ പദ്ധതി വഴിതെളിക്കുന്നതാണ്.

ആറ് വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുന്ന രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ റിയാദ്, ദോഹ എന്നീ നഗരങ്ങൾക്കിടയിലുള്ള യാത്രാസമയം കേവലം രണ്ട് മണിക്കൂറാക്കി മാറ്റുന്നതിന് ഈ പദ്ധതി സഹായകമാകുന്നതാണ്.

മണിക്കൂറിൽ 300 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനുകളാണ് ഈ റൂട്ടിൽ ഉപയോഗിക്കുക എന്നും അധികൃതർ അറിയിച്ചു. ഏതാണ്ട് 785 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതി സൗദി അറേബ്യയിലെ റിയാദ്, ഹൊഫുഫ്, ദമാം എന്നീ നഗരങ്ങളിലൂടെയാണ് കടന്ന് പോകുന്നത്.