വിദ്യാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ട് പോകുന്ന വാഹനങ്ങൾക്ക് ബാധകമാക്കിയിരിക്കുന്ന സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച് സൗദി ട്രാൻസ്‌പോർട് ജനറൽ അതോറിറ്റി (TGA) ഒരു അറിയിപ്പ് പുറത്തിറക്കി. 2024 ഓഗസ്റ്റ് 13-നാണ് TGA ഈ അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പിൽ പരാമർശിച്ചിട്ടുള്ള നിയമങ്ങളും, നിർദ്ദേശങ്ങളും കർശനമായി പാലിക്കാൻ ഇത്തരം വാഹനങ്ങളിലെ ഡ്രൈവർമാരോട് TGA ആവശ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 18 മുതൽ പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു അറിയിപ്പ്.
വിദ്യാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ട് പോകുന്ന വാഹനങ്ങൾക്ക് ബാധകമാക്കിയിരിക്കുന്ന സുരക്ഷാ നിബന്ധനകൾ:
- ഇത്തരം വാഹനങ്ങളിലെ ഡ്രൈവറുടെ പ്രായം ചുരുങ്ങിയത് 25 വയസ്സായിരിക്കണം.
- ഇത്തരം വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ഡ്രൈവർ പെർമിറ്റ്, സാധുതയുള്ള ലൈസൻസ്, കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാണ്.
- ഇത്തരം ഡ്രൈവർമാർ ഒരു അംഗീകൃത ഫസ്റ്റ് എയ്ഡ് കോഴ്സ് പാസായിരിക്കണം.
- ഇവർ TGA നിർദ്ദേശിച്ചിട്ടുള്ള മെഡിക്കൽ ടെസ്റ്റ്, പ്രൊഫഷണൽ യോഗ്യതാ ടെസ്റ്റ്, മറ്റു ട്രെയിനിങ് ടെസ്റ്റുകൾ എന്നിവ പാസായിരിക്കണം.
- വിദ്യാർത്ഥികൾ, അധ്യാപകർ, സ്‌കൂൾ അധികൃതർ തുടങ്ങിയവർ യാത്രകൾക്കായി നിയമപരമായി പ്രവർത്തിക്കുന്ന ട്രാൻസ്‌പോർട് കമ്പനികളെ മാത്രമേ സമീപിക്കാവൂ.
- ഇത്തരം വാഹനങ്ങളിൽ ആവശ്യമായിട്ടുള്ള എല്ലാ സുരക്ഷാ ഉപകരണങ്ങളും ഉറപ്പ് വരുത്താൻ ട്രാസ്പോർട്ട് കമ്പനികളോട് TGA നിർദ്ദേശിച്ചിട്ടുണ്ട്. ഇതിൽ സുരക്ഷാ കാമറകൾ, സ്‌കൂൾ ബസ് സൈൻ ബോർഡ്, വാസിൽ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ള ട്രാക്കിങ് ഉപകരണം തുടങ്ങിയവ ഉൾപ്പെടുന്നു.