COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി സൗദി അറേബ്യയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്ത വിദേശികൾക്ക് രാജ്യത്തേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2021 ഡിസംബർ 4-ന് 1:00 am മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതാണ്.
നവംബർ 27-ന് രാത്രിയാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഇത്തരം യാത്രികർക്ക് എല്ലാ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാമെന്നും, ഇവർക്ക് ഏതാനം നിബന്ധനകൾ ബാധകമാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഇവർക്ക് സൗദിയിലെത്തിയ ശേഷം 3 ദിവസത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമായിരിക്കും. സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി മറ്റു രാജ്യങ്ങളിൽ 14 ദിവസം താമസിക്കേണ്ട ആവശ്യമില്ലെന്നും മന്ത്രാലയം അറിയിച്ചു.
ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് രാജ്യത്തേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 ഡിസംബർ 1 മുതൽ ഒഴിവാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം നവംബർ 25-ന് അറിയിച്ചിരുന്നു. ഈ അറിയിപ്പ് പ്രകാരം, ഇന്ത്യ, ഇന്തോനേഷ്യ, പാകിസ്ഥാൻ, ബ്രസീൽ, വിയറ്റ്നാം, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്ന COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കാണ്, 5 ദിവസത്തെ ക്വാറന്റീൻ നിബന്ധനയോടെ, സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതി നൽകിയിരുന്നത്.
അതേ സമയം, സൗത്ത് ആഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്‌വെ, മൊസാമ്പിക്, ലെസോതോ, എസ്വതിനി എന്നീ രാജ്യങ്ങളിൽ നിന്ന് സൗദി അറേബ്യയിലേക്കും, തിരികെയുമുള്ള യാത്രാവിമാന സർവീസുകൾക്ക് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം താത്കാലിക വിലക്കേർപ്പെടുത്തിയിരുന്നു. സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ COVID-19 വൈറസിന്റെ B.1.1.529 (ഒമിക്രോൺ) എന്ന പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു തീരുമാനം.