സൗദി അറേബ്യ: ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളിൽ നിന്ന് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്കുകൾ ഡിസംബർ 1 മുതൽ ഒഴിവാക്കും

GCC News

ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് രാജ്യത്തേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 ഡിസംബർ 1 മുതൽ ഒഴിവാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. COVID-19 വ്യാപന പശ്ചാത്തലത്തിലാണ് ഇത്തരം ഒരു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

നവംബർ 25-ന് വൈകീട്ടാണ് സൗദി അറേബ്യ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം ഇന്ത്യ, ഇന്തോനേഷ്യ, പാകിസ്ഥാൻ, ബ്രസീൽ, വിയറ്റ്നാം, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്ന COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാവുന്നതാണ്. ഇവർക്ക് മറ്റു രാജ്യങ്ങളിൽ 14 ദിവസം ക്വാറന്റീൻ ആവശ്യമില്ലെന്നും മന്ത്രാലയം അറിയിയച്ചിട്ടുണ്ട്.

ഈ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്ന മുഴുവൻ പേർക്കും – അവരുടെ വിദേശത്ത് നിന്ന് സ്വീകരിച്ച വാക്സിൻ സ്റ്റാറ്റസ് കണക്കാക്കാതെ തന്നെ – സൗദിയിലെത്തിയ ശേഷം 5 ദിവസം ക്വാറന്റീൻ ഉണ്ടായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പുതുക്കിയ പ്രവേശന മാനദണ്ഡങ്ങൾ 2021 ഡിസംബർ 1, ബുധനാഴ്ച്ച 1 AM മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.