രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം രണ്ട് ഡോസ് COVID-19 വാക്സിനെടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള തീരുമാനം ഇന്ന് (2021 ഒക്ടോബർ 10, ഞായറാഴ്ച്ച) രാവിലെ 6 മണി മുതൽ പ്രാബല്യത്തിൽ വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ഒക്ടോബർ 9-ന് രാത്രിയാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചത്.
2021 ഒക്ടോബർ 10 മുതൽ സൗദിയിൽ താഴെ പറയുന്ന മേഖലകളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്:
- സർക്കാർ സ്ഥാപനങ്ങൾ.
- സ്വകാര്യ സ്ഥാപനങ്ങൾ.
- ആഭ്യന്തര വിമാന സർവീസുകൾ.
- പൊതു ഗതാഗതം.
- വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
- വാണിജ്യ, വ്യാവസായിക, സാംസ്കാരിക, വിനോദ, കായിക, ടൂറിസം മേഖലകളിൽ നടക്കുന്ന മുഴുവൻ പ്രവർത്തനങ്ങളിലും, ചടങ്ങുകളിലും.
Tawakkalna ആപ്പിലെ സ്റ്റാറ്റസ് പ്രകാരം, COVID-19 വാക്സിൻ സ്വീകരിക്കുന്നതിൽ ഔദ്യോഗിക ഇളവുകൾ ലഭിച്ചിട്ടുള്ളവരെ മാത്രമാണ് ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
രാജ്യത്തെ പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് ഒക്ടോബർ 10 മുതൽ COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും എടുത്തിരിക്കണം എന്ന നിബന്ധന ഏർപ്പെടുത്താൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം ഒക്ടോബർ 1-ന് അറിയിച്ചിരുന്നു.
ഇതിനെ തുടർന്ന്, രാജ്യത്ത് 2021 ഒക്ടോബർ 10 മുതൽ രണ്ട് ഡോസ് വാക്സിനെടുത്തവരെ മാത്രമാണ് രോഗപ്രതിരോധ ശേഷിയാർജ്ജിച്ചവരായി കണക്കാക്കുന്നതെന്നും, ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങൾ Tawakkalna ആപ്പിൽ ഉൾപ്പെടുത്തിയതായും സൗദി ആരോഗ്യ മന്ത്രാലയം ഒക്ടോബർ 3-ന് വ്യക്തമാക്കിയിരുന്നു.